---
title: "അരുൺ ഇനി പത്തുപേരിലൂടെ ജീവിക്കും; ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു "
english_title: "Organ donation from Kundara native who died in bike accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366030/organ-donation-from-kundara-native-who-died-in-bike-accident"
published_at: "2026-06-15T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f7b8e46598_ORGAN_DONATON.jpg"
keywords: ["Latest News", "Kollam", "Organ Donation", "Bike Accident"]
---

# അരുൺ ഇനി പത്തുപേരിലൂടെ ജീവിക്കും; ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു 

> **Lead Summary:** **കുണ്ടറ: [ **തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മസ്തിഷ്കമരണത്തിന് കീഴടങ്ങിയെങ്കിലും, അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ നൽകി അനശ്വരനായി.

## Article Content

**കുണ്ടറ: [ **തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മസ്തിഷ്കമരണത്തിന് കീഴടങ്ങിയെങ്കിലും, അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ നൽകി അനശ്വരനായി.

കുണ്ടറ മാമൂട് ഗോകുലം വീട്ടിൽ ഹരികുമാറിന്റെയും ശ്രീലതയുടെയും മകൻ എച്ച്. അരുൺ (24) ആണ് മരിച്ചത്. ശ്രീപെരുംപുദൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായി ജോലിചെയ്തുവരികയായിരുന്നു അരുൺ.

കഴിഞ്ഞ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ തണ്ടളം ലുഷാലെ കട്ട് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ സഹപ്രവർത്തകരാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. മകന്റെ വിയോഗത്തിലും തളരാതെ, അവയവദാനമെന്ന വലിയ തീരുമാനത്തിലേക്ക് മാതാപിതാക്കൾ എത്തുകയായിരുന്നു.

തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിലൂടെ അരുണിന്റെ ഹൃദയവാൽവുകൾ, വൃക്കകൾ, കരൾ, ശ്വാസകോശം, കണ്ണുകൾ, കുടൽ, ചർമം എന്നിവ പത്തുപേർക്കായി ദാനം ചെയ്തു.

കൊട്ടിയം എസ്.എൻ. പോളിടെക്‌നിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കിയ അരുൺ, മികച്ചൊരു കരിയർ സ്വപ്നം കണ്ടിരുന്ന യുവാവായിരുന്നു.

ഇലക്ട്രീഷ്യനായ ഹരികുമാറിന്റെയും ശ്രീലതയുടെയും മകനായ അരുണിന്റെ സഹോദരൻ അഖിൽ ദുബായിലാണ്. തിങ്കളാഴ്ച രാവിലെ പത്തിന് മാമൂട്ടിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366030/organ-donation-from-kundara-native-who-died-in-bike-accident)