---
title: "ഓൺലൈൻ ഓഹരി തട്ടിപ്പ്: എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറിൽ നിന്ന് 67 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ"
english_title: "Accused in the online stock fraud case arrested in Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366026/accused-in-the-online-stock-fraud-case-arrested-in-ernakulam"
published_at: "2026-06-15T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f7970d03bf_Accused_in_the_online_stock_fraud_case_arrested_in_Ernakulam.jpg"
keywords: ["Latest News", "Online Fraud", "Stock Market Scam", "Ernakulam", "Kerala Police"]
---

# ഓൺലൈൻ ഓഹരി തട്ടിപ്പ്: എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറിൽ നിന്ന് 67 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ

> **Lead Summary:** പള്ളുരുത്തി: എറണാകുളം കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറിൽനിന്ന്‌ ഓൺലൈൻ ഓഹരി ഇടപാടിന്റെ പേരിൽ 67 ലക്ഷം തട്ടിയ സംഭവത്തിൽ രണ്ടുപ്രതികളെ പനങ്ങാട് പൊലീസ് പിടികൂടി. കണ്ണൂർ കൂത്തുപറമ്പ് ബൽക്കിസ് മൻസിലിൽ സി കെ അബ്ദുൽ റഹിമാൻ , കൂത്തുപറമ്പ് മവ്വേരി യാഫ മൻസിലിൽ അർഷാദ് എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്‌തത്‌.

## Article Content

പള്ളുരുത്തി: എറണാകുളം കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറിൽനിന്ന്‌ ഓൺലൈൻ ഓഹരി ഇടപാടിന്റെ പേരിൽ 67 ലക്ഷം തട്ടിയ സംഭവത്തിൽ രണ്ടുപ്രതികളെ പനങ്ങാട് പൊലീസ് പിടികൂടി. കണ്ണൂർ കൂത്തുപറമ്പ് ബൽക്കിസ് മൻസിലിൽ സി കെ അബ്ദുൽ റഹിമാൻ , കൂത്തുപറമ്പ് മവ്വേരി യാഫ മൻസിലിൽ അർഷാദ് എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്‌തത്‌.

സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച്‌ വന്നിരുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ എഐ വീഡിയോ വഴി ബന്ധപെട്ട് ഓൺലൈൻ ഓഹരി ഇടപാടിന്റെ പേരിൽ 67 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി മൂന്നുമാസം കൊണ്ട് തിരികെ ലഭിക്കുമെന്ന പരസ്യം ഫേസ്ബൂക്കിലൂടെ കണ്ട്‌ ലിങ്കിൽ പ്രവേശിച്ചപ്പോൾ ‘ക്ലൈന്റ്‌ 9 പ്രോ’ എന്ന കമ്പനിയുടെ വെബ്‌സൈറ്റിൽ എത്തുകയും അവർ നൽകിയ മറ്റൊരു ലിങ്ക് വഴി ട്രേഡിങിന് വേണ്ട പണം അയച്ചു കൊടുക്കുകയുമാണ് ഡോക്ടർ ചെയ്തത്. കൂടാതെ തട്ടിപ്പുസംഘം പറഞ്ഞതനുസരിച്ച്‌ കണ്ണൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന ഡിജിറ്റ് കോം ഐ ടി സൊല്യൂഷൻസ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കും പണമയച്ചു. ഈ കമ്പനിയുടെ ഉടമകളെയാണ് പനങ്ങാട് പൊലീസ് പിടിക്കൂടിയത്.

ഈ വർഷം ജനുവരിമുതൽ ഡോക്ടറുടെ പല അക്കൗണ്ടുകളിൽ നിന്നായി 67 ലക്ഷം രൂപയോളമാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നൽകിയ പണമോ തിരികെ ലഭിച്ചില്ല. തുടർന്ന് മാർച്ചിൽ പനങ്ങാട് പൊലീസിൽ പരാതി നൽകി. പ്രതികൾക്കെതിരെ കേരളത്തിനകത്തും കൂടാതെ കർണാടക, മിസോറാം എന്നിവിടങ്ങളിലും സമാനമായ ഓൺലൈൻ തട്ടിപ്പുകേസുകളുണ്ടെന്ന്‌ പനങ്ങാട് പൊലീസ് സ്റ്റേഷൻ ചാർജുള്ള മരട് ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ് പറഞ്ഞു.

ഈ കേസിൽ ഉൾപ്പെട്ട മൂന്ന്‌ ഉത്തരേന്ത്യൻ സ്വദേശികൾ നിലവിൽ ഹരിയാന, തീഹാർ ജയിലുകളിലാണ്‌. എസ്‌ഐ മുഹമ്മദ് മുബാറക്, എസ്‌ഐ ഓസ്റ്റിൻ, അരുൺരാജ്, എം ശ്രീജിത്ത്, ക്രിസ്റ്റഫർ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366026/accused-in-the-online-stock-fraud-case-arrested-in-ernakulam)