---
title: "കളിക്കളത്തിന് പുറത്തും മാതൃകയായി ജപ്പാൻ; കളി കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കി വീണ്ടും ലോകത്തിന്റെ കൈയടി"
english_title: "Fifa world cup, Japanese fans clean the stadium"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366025/fifa-world-cup-japanese-fans-clean-the-stadium"
published_at: "2026-06-15T09:28:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f78d496130_japan.jpg"
keywords: ["Latest News", "Fifa World Cup 2026", "Jappan", "Dalas"]
---

# കളിക്കളത്തിന് പുറത്തും മാതൃകയായി ജപ്പാൻ; കളി കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കി വീണ്ടും ലോകത്തിന്റെ കൈയടി

> **Lead Summary:** **ഡാലസ്: [ **ഡാലസിൽ നടന്ന ആവേശകരമായ ഫുട്ബോൾ പോരാട്ടത്തിന് ശേഷം ഗാലറിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാൻ ആരാധകർ.

## Article Content

**ഡാലസ്: [ **ഡാലസിൽ നടന്ന ആവേശകരമായ ഫുട്ബോൾ പോരാട്ടത്തിന് ശേഷം ഗാലറിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാൻ ആരാധകർ.

ലോകകപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ സമനില നേടിയതിന് പിന്നാലെയാണ്, ഗാലറിയിൽ അവശേഷിച്ച പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും ജാപ്പനീസ് ആരാധകർ സ്വന്തം നിലയ്ക്ക് വൃത്തിയാക്കിയത്.

ഇതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജപ്പാൻ ആരാധകരുടെ ഈ ശീലം ലോകത്തിന് അത്ഭുതമാണെങ്കിലും അവരുടെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണിത്.

പൊതുസ്ഥലങ്ങളോടുള്ള ബഹുമാനവും ശുചിത്വവും കൂട്ടായ ഉത്തരവാദിത്തവും ജാപ്പനീസ് ജീവിതശൈലിയിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നവയാണ്. തങ്ങൾ ഇരുന്ന ഇടം വൃത്തിയാക്കി മടങ്ങുക എന്നത് അവർക്ക് ഒരു അസാധാരണ പ്രവൃത്തിയല്ല, മറിച്ച് ശീലമാണ്.

ഖത്തർ ലോകകപ്പിലും സമാനമായ രീതിയിൽ സ്റ്റേഡിയം വൃത്തിയാക്കി ജപ്പാൻ ആരാധകർ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. കളിക്കളത്തിൽ ജാപ്പനീസ് താരങ്ങൾ തങ്ങളുടെ പ്രകടനത്തിലൂടെ കയ്യടി നേടുമ്പോൾ, ഗാലറിയിലെ മാതൃകാപരമായ പെരുമാറ്റം കൊണ്ട് ആരാധകരും ലോകത്തിന്റെ ആദരം ഏറ്റുവാങ്ങുകയാണ്.

ഡാലസിൽ നടന്ന മത്സരത്തിലേക്ക് വന്നാൽ, നെതർലൻഡ്‌സിനെതിരെ ആവേശകരമായ 2-2 സമനിലയാണ് ജപ്പാൻ സ്വന്തമാക്കിയത്. വിർജിൽ വാൻ ഡൈക്കും ക്രിസെൻസിയോ സമ്മർവില്ലും നെതർലൻഡ്‌സിനായി ഗോൾ നേടിയപ്പോൾ, ജപ്പാൻ മികച്ച ചെറുത്തുനിൽപ്പിലൂടെ ഒപ്പമെത്തുകയായിരുന്നു.

മത്സരത്തിന്റെ 88-ാം മിനിറ്റിൽ ഡെയ്ച്ചി കമാഡ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് ജപ്പാന് വിലപ്പെട്ട സമനില സമ്മാനിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366025/fifa-world-cup-japanese-fans-clean-the-stadium)