---
title: "പ്രിയദർശിനിയുള്ളപ്പോൾ എന്തിന് കൈയ്യിൽ പണം...!  കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകൾക്കുള്ള  സൗജന്യയാത്ര പദ്ധതിക്ക് തുടക്കമായി"
english_title: "Free travel on KSRTC, ‘Priyadarshini’, free travel scheme launched"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366024/free-travel-on-ksrtc-priyadarshini-free-travel-scheme-launched-"
published_at: "2026-06-15T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f77599da3c_vd.jpg"
keywords: ["Free travel on KSRTC", "‘Priyadarshini’", "Ordinary buses", "Travel now free", "Transgenders travel free", "No registration required"]
---

# പ്രിയദർശിനിയുള്ളപ്പോൾ എന്തിന് കൈയ്യിൽ പണം...!  കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകൾക്കുള്ള  സൗജന്യയാത്ര പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **തിരുവനന്തപുരം: **കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര. സംസ്ഥാനത്തുടനീളം 3,125 ഓർഡിനറി ബസുകളിലായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവനന്തപുരം: **കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യയാത്ര. സംസ്ഥാനത്തുടനീളം 3,125 ഓർഡിനറി ബസുകളിലായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തു.

ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ-ടു-ടൗൺ എന്നിങ്ങനെ ഓർഡിനറി നിരക്ക് ഈടാക്കുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും ഈ സേവനം ലഭ്യമാണ്. യാതൊരുവിധ തിരിച്ചറിയൽ കാർഡോ, മുൻകൂർ രജിസ്ട്രേഷനോ ഇല്ലാതെതന്നെ, പ്രായപരിധിയോ വരുമാന മാനദണ്ഡങ്ങളോ നോക്കാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും യാത്ര ചെയ്യാം.

പ്രതിദിനം രണ്ടുകോടി രൂപയാണ് ഈ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയാവുക. ഈ തുക പൂർണമായും സർക്കാർ വഹിക്കും. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾക്ക് മുന്നിലും വശങ്ങളിൽ വാതിലിന്റെ ഭാഗത്തും ‘പ്രിയദർശിനി പദ്ധതി’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

വനിതാ യാത്രക്കാർക്ക് ലഭിക്കുന്നത് സീറോ ടിക്കറ്റാണെങ്കിലും ഫെയർ സ്റ്റേജും സ്ഥലവും ടിക്കറ്റിൽ ചേർക്കുമെന്നതിനാൽ യാത്രയുടെ മൂല്യം കൃത്യമായി മെഷീനിൽ രേഖപ്പെടുത്തും. ഇതിനുള്ള സോഫ്റ്റ്‌വെയർ ക്രമീകരണം ടിക്കറ്റ് മെഷീനിൽ ഏർപ്പെടുത്തി. പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എ.ഫ്.ടി) എന്ന പേരിലാണ് സൗജന്യ യാത്രക്കുള്ള ഓപ്ഷൻ ഇതിലുള്ളത്.

3,125 ബസുകളുപയോഗിച്ച് 2,900 ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഓപറേറ്റ് ചെയ്യുന്നത്. 1,268 ഷെഡ്യൂളുകളുള്ള ദക്ഷിണ മേഖലയിലാണ് കൂടുതൽ ബസുകൾ നിരത്തിലുള്ളത്. മധ്യമേഖലയിൽ 831ഉം വടക്കൻ മേഖലയിൽ 828ഉം ഓർഡിനറി ഷെഡ്യൂളുകളുണ്ട്. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366024/free-travel-on-ksrtc-priyadarshini-free-travel-scheme-launched-)