---
title: "സൗജന്യ യാത്ര ഇന്ന് മുതല്‍....! 'പ്രിയദർശിനി' സൗജന്യ ബസ് യാത്ര പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ബഹിഷ്കരിക്കാൻ സിപിഎം"
english_title: "Kerala Implements Free Bus Travel For Women From Today Chief Minister VD Satheesan Will Flag Off Priyadarshini Scheme"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366005/kerala-implements-free-bus-travel-for-women-from-today-chief-minister-vd-satheesan-will-flag-off-priyadarshini-scheme"
published_at: "2026-06-15T06:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f5243af1ed_Priyadarshini_Scheme.jpg"
keywords: ["Latest News", "Priyadarshini Scheme", "Flag Off", "Chief Minister", "VD Satheesan"]
---

# സൗജന്യ യാത്ര ഇന്ന് മുതല്‍....! 'പ്രിയദർശിനി' സൗജന്യ ബസ് യാത്ര പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ബഹിഷ്കരിക്കാൻ സിപിഎം

> **Lead Summary:** തിരുവനന്തപുരം:കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര ഇന്ന് മുതൽ. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്യും.

## Article Content

തിരുവനന്തപുരം:കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര ഇന്ന് മുതൽ. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്യും.

തുടർന്ന് വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. അതേസമയം 'പ്രിയദർശിനി' പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.

സൗജന്യ യാത്ര ആരംഭിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് ഓർഡിനറി സർവീസ് ഉള്ളത് മലപ്പുറത്താണ്. ഓർഡിനറിയും ടിടിയും ഉൾപ്പെടെ ആകെ 87 ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര. ഏറ്റവും കൂടുതൽ സ്ത്രീകളുള്ള മലപ്പുറത്ത് സർവീസുകൾ കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366005/kerala-implements-free-bus-travel-for-women-from-today-chief-minister-vd-satheesan-will-flag-off-priyadarshini-scheme)