---
title: "'ഫലം അറിഞ്ഞിട്ടും മറച്ചുവെച്ചു, വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നു, ഡിഎച്ച്എസിനെതിരെ ആഞ്ഞടിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ"
english_title: "Health Minister K. Muraleedharan, Nipah prevention, discomfort in the health department, DHS Dr. Reena"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365952/health-minister-k-muraleedharan-nipah-prevention-discomfort-in-the-health-department-dhs-dr-reena"
published_at: "2026-06-14T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e8372b7d9c_muraidharan.jpg"
keywords: []
---

# 'ഫലം അറിഞ്ഞിട്ടും മറച്ചുവെച്ചു, വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നു, ഡിഎച്ച്എസിനെതിരെ ആഞ്ഞടിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ

> **Lead Summary:** **കോഴിക്കോട്: **ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നുവന്ന വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകിയ മന്ത്രി, വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം അഴിച്ചുവിട്ടു.

## Article Content

**കോഴിക്കോട്: **ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നുവന്ന വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകിയ മന്ത്രി, വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം അഴിച്ചുവിട്ടു.

നിപ സ്ഥിരീകരിച്ച രോഗിക്ക് മരുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ റിബാവറിൻ മരുന്ന് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ തന്നെ ലഭ്യമല്ലാതിരുന്ന റെംഡിവിർ മരുന്ന് എത്തിക്കാൻ കൃത്യമായ നടപടികളാണ് സ്വീകരിച്ചത്.

ഒടുവിൽ ഇന്നലെ രാത്രി എത്തിക്കുകയും ആദ്യ ഡോസ് നൽകുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഒരു ശതമാനം പോലും വിട്ടുവീഴ്ചയ്ക്കില്ലെന്നും ഈ നിമിഷം വരെ നിപ അപകടകാരിയല്ലെന്നും രോഗി വളരെ അവശ നിലയിലാണ് ആശുപത്രിയിലെത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ആയിരുന്ന ഡോ. റീനയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡി എച്ച് എസ് തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

താൻ അന്ന് വൈകിട്ട് 5.30 ന് വാർത്താസമ്മേളനം നടത്തുമ്പോൾ എനിക്ക് ഫലം ലഭിച്ചിരുന്നില്ല. ഫലം ലഭ്യമാകാതെ മന്ത്രിക്ക് എങ്ങനെ സംസാരിക്കാൻ കഴിയും? എന്നാൽ തന്നോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡി എച്ച് എിന് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ റിസൾട്ട് വന്ന കാര്യം അറിയാമായിരുന്നുവെന്നും, പിന്നീട് ആറ് മണിയോടെയാണ് അവർ വിവരം പറയുന്നതെന്നും മന്ത്രി വെളിപ്പെടുത്തി.

ഡി എച്ച് എസ് സർക്കാരുമായി പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് ഡി എച്ച് എസ് റീനയെ മാറ്റിയതെന്നും ഇത്തരം ആളുകളെ ഇനിയും മാറ്റുമെന്നും ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും തുറന്നടിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365952/health-minister-k-muraleedharan-nipah-prevention-discomfort-in-the-health-department-dhs-dr-reena)