---
title: "ഒമാൻ തീരത്തെ ഇന്ത്യൻ നാവികരുടെ മരണം: പ്രതികരിക്കാതെ മോദി എവിടെ? രൂക്ഷവിമർശനവുമായി പ്രതിപക്ഷം"
english_title: "Death of Indian sailors off the coast of Oman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365927/death-of-indian-sailors-off-the-coast-of-oman"
published_at: "2026-06-14T14:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e6ae4089eb_modi.jpg"
keywords: ["LatestNews", "Indian Navy", "Narendramodi"]
---

# ഒമാൻ തീരത്തെ ഇന്ത്യൻ നാവികരുടെ മരണം: പ്രതികരിക്കാതെ മോദി എവിടെ? രൂക്ഷവിമർശനവുമായി പ്രതിപക്ഷം

> **Lead Summary:** **ന്യൂഡൽഹി: [** ഒമാൻ തീരത്ത് യുഎസ് വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ.

## Article Content

**ന്യൂഡൽഹി: [** ഒമാൻ തീരത്ത് യുഎസ് വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ.

ജൂൺ പത്തിന് ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് 'സെറ്റെബെല്ലോ' എന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തിലാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ചത്. 24 ഇന്ത്യക്കാർ അടക്കം 28 പേർ കപ്പലിൽ ഉണ്ടായിരുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാനോ ആക്രമണത്തെ അപലപിക്കാനോ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

അമേരിക്കയുടെ ഉത്തരവുകൾ സേവകനെപ്പോലെ നടപ്പിലാക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രിയെന്നും, സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ പ്രതികരിക്കാൻ പോലും മോദിക്ക് കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി എംപി വിമർശിച്ചു.

രാജ്യം പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 'എക്സി'ലൂടെ വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരം മോദി സർക്കാർ ആഗോളതലത്തിൽ ഇല്ലാതാക്കുകയാണെന്നും രാജ്യത്തിന്റെ താത്പര്യങ്ങൾ അടിയറവ് വെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ടും കേന്ദ്ര സർക്കാർ തുടരുന്ന മൗനം പ്രതിഷേധാർഹമാണെന്ന് പ്രിയങ്ക ഗാന്ധി എംപിയും ചൂണ്ടിക്കാട്ടി. കൊലപാതകത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാത്ത അമേരിക്കൻ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കാൻ മോദി സർക്കാർ തയ്യാറാകണം.

സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂർ, പവൻ ഖേര തുടങ്ങിയവരും സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365927/death-of-indian-sailors-off-the-coast-of-oman)