---
title: "നിപയെ രാഷ്ട്രീയ ആയുധമാക്കില്ല, മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല, ആരോഗ്യ മന്ത്രിയുടെ പെരുമാറ്റം ശരിയെല്ലെന്നും പ്രതിപക്ഷ നേതാവ്"
english_title: "Pinarayi Vijayan, Nipah prevention, Health Department, Lack of coordination, Political criticism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365905/pinarayi-vijayan-nipah-prevention-health-department-lack-of-coordination-political-criticism-"
published_at: "2026-06-14T12:21:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2972d5715cd_Pinarayi_vijayan.jpg"
keywords: ["Pinarayi Vijayan", "Nipah prevention", "Health Department", "Lack of coordination", "Political criticism"]
---

# നിപയെ രാഷ്ട്രീയ ആയുധമാക്കില്ല, മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല, ആരോഗ്യ മന്ത്രിയുടെ പെരുമാറ്റം ശരിയെല്ലെന്നും പ്രതിപക്ഷ നേതാവ്

> **Lead Summary:** **തിരുവനന്തപുരം : **നിപ, ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

## Article Content

**തിരുവനന്തപുരം : **നിപ, ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. ഉത്തരവാദിത്തപ്പെട്ടവര്‍ക്കിടയിലുള്ള ആശയക്കുഴപ്പം ഇന്നലെയും താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോഗ്യ മന്ത്രി അതിനോട് പ്രതികരിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചു.

നിപ പ്രതിരോധത്തിനായി സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് നില വ്യാപനമുണ്ടായപ്പോഴൊക്കെ ആരോഗ്യമന്ത്രിമാര്‍ ആ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസമായി. മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല.

കണ്‍ട്രോള്‍ റൂം ജനപ്രതിനിധികള്‍ അകന്ന് നില്‍ക്കേണ്ട സ്ഥലമാണെന്ന തരത്തിലുള്ള പെരുമാറ്റമുണ്ടാകുന്നു. അവരുടെ കൂടി സഹകരണം രോഗപ്രതിരോധത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്. സിസ്റ്റത്തിന്റെ തലപ്പത്തു ഇരിക്കുന്ന ആളെ ഇത്തരമൊരു ഘട്ടത്തില്‍ മാറ്റുന്നത് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കുന്ന കാര്യമല്ല.

സിസ്റ്റത്തോടുള്ള നിസ്സഹകരണമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. നിയമ വിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ക്ക് കൂട്ട് നിന്നില്ല എന്നുള്ളതാണ് ആരോഗ്യ മന്ത്രി തെറ്റായി കാണുന്നത്. സുതാര്യമായ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം ലക്ഷങ്ങള്‍ തസ്തികള്‍ക്ക് മറിയുന്ന സ്ഥിതി തിരികെ കൊണ്ട് വരാനാണ് നീക്കമെന്ന് തങ്ങള്‍ സംശയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

കോളറ കണക്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അവ്യക്തതയിലും പിണറായി വിജയന്‍ പ്രതികരിച്ചു. ആരോഗ്യമന്ത്രി ഒരു കണക്ക് പറയുമ്പോള്‍ അത് തള്ളുകയാണ് ഡിഎംഒ. ജനം ആരെ വിശ്വസിക്കുമെന്നും പിണറായി വിജയന്‍ ചോദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് ഉള്‍പ്പടെ ഉണ്ടായപ്പോള്‍ ഭരിക്കുന്നവര്‍ക്കെതിരെ ശാപ വാക്കുകള്‍ പറയാന്‍ മിടുക്ക് കാണിച്ച ആളാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി.

അദ്ദേഹത്തോട് പറയാനുള്ളത് അതേ രീതിയില്‍ അല്ല ഞങ്ങള്‍ ഇതിനെ കാണുന്നത്. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറാനുള്ള ശ്രമം ആരോഗ്യമന്ത്രി നടത്തി. രോഗ വ്യാപനം ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല വരുന്നത് എന്ന് അദ്ദേഹത്തിന് ഒരു മാസം കൊണ്ട് മനസ്സിലായി കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ നടക്കുന്നതായി സംശയമുണ്ടെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കേസിലെ മുഖ്യപ്രതിയുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വംവകുപ്പിന്റെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിൽ അനാവശ്യ തിടുക്കം ഉണ്ടായിട്ടുണ്ട്.

പ്ലീഡർ സ്ഥാനം രാജിവെച്ചെതോടെ എല്ലാം അവസാനിച്ചതായി കാണാനാകില്ല. ചുമതലയിലുണ്ടായിരുന്ന ചുരുങ്ങിയ സമയത്ത് പ്രദീപിന്റെ കയ്യിൽ ഏതെല്ലാം ഫയലുകൾ എത്തിയെന്നും, എന്തെല്ലാം ചെയ്തെന്നും സർക്കാർ വ്യക്തമാക്കണമെന്ന് പിണറായി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സ്വർണക്കൊള്ളയിൽ പങ്കുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചത് സംശസാപ്ദമായ നടപടിയാണ്. ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

സ്മാർട്ട് ക്രിയേഷൻസിന് നൽകിയത് സ്വർണം പൂശിയ ചെമ്പുപാളികളാണ് എന്ന് പ്രത്യേക അന്വേഷകസംഘം കണ്ടെത്തിയിരുന്നു. അങ്ങനെയാണ് പങ്കജ് ഭണ്ഡാരി ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്തത്. എന്നാൽ വെറും ചെമ്പുപാളിയാണ് നൽകിയത് എന്നായിരുന്നു കോടതിയിലും പുറത്തും സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായ പ്രദീപ് പറഞ്ഞിരുന്നത്.

പ്രതികളുടെ താൽപര്യം ഉയർത്തിപ്പിടിക്കുന്ന അഭിഭാഷകനെയാണ് യുഡിഎഫ് സർക്കാർ ദേവസ്വത്തിന്റെ പ്ലീഡറായി നിയമിച്ചത്. ഇതിൽ സാധാരണ ​ഗതിയിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചോ എന്നതിൽ സംശയമുണ്ട്.

അഡ്വക്കേറ്റ് ജനറൽ ശുപാർശ ചെയ്ത്, നിയമവകുപ്പ് കണ്ട്, അത് മുഖ്യമന്ത്രിക്ക് കൊടുക്കുകയും, മുഖ്യമന്ത്രി അം​ഗീകരിച്ച് മന്ത്രിസഭയിലേക്ക് പോകുകയുമാണ് സാധാരണ​ഗതിയിലെ നടപടികൾ. ഈ നടപടിക്രമങ്ങൾ ഇവിടെ പാലിച്ചോ? നിയമനത്തിൽ സ്വീകരിച്ച അനാവശ്യധൃതി എന്തിനായിരുന്നു? നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും, താൻ അറിഞ്ഞുകൊണ്ടല്ലെന്നുമാണ് ദേവസ്വം മന്ത്രി പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ വേണ്ട രാഷ്ട്രീയ ആലോചന നടത്തിയിട്ടുമില്ലെന്നാണ് അറിയുന്നത്.

രാജിവെച്ചതോടെ എല്ലാം അവസാനിച്ചെന്ന് കാണാനാകില്ല. ദേവസ്വത്തിന്റെ പ്ലീഡറായി നിയമിതനായ നിമിഷം മുതൽ ഏതെല്ലാം രേഖകൾ കയ്യിലെത്തി എന്നത് കേസുമായി ബന്ധപ്പെട്ട് വളരെ പ്രധാനമാണ്. ദേവസ്വം വകുപ്പിന്റെ കയ്യിലുള്ള നിർണായക വിവരങ്ങൾ പ്ലീഡറുടെ കയ്യിൽ എത്തിയിട്ടുണ്ടോ? ഇതിൽ അന്വേഷണം നടത്തണം. ഏതെങ്കിലും രേഖകൾ ആ അഭിഭാഷകന്റെ കയ്യിലുണ്ടെങ്കിൽ കണ്ടെത്തി, അങ്ങനെയെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365905/pinarayi-vijayan-nipah-prevention-health-department-lack-of-coordination-political-criticism-)