---
title: "ആകാശത്ത് നിന്ന് വന്നത് വീട്ടിലേക്ക് ....! നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നതോടെ വീടിന്റെ മേൽക്കൂര തകർന്നു, വീട്ടുടമയ്ക്ക് പരിക്ക്."
english_title: "Plane crashes, Nedumbassery airport, roof of house collapses,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365901/plane-crashes-nedumbassery-airport-roof-of-house-collapses"
published_at: "2026-06-14T12:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e4d9e6b1fd_palin.jpg"
keywords: ["Plane crashes", "Nedumbassery airport", "roof of house collapses"]
---

# ആകാശത്ത് നിന്ന് വന്നത് വീട്ടിലേക്ക് ....! നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നതോടെ വീടിന്റെ മേൽക്കൂര തകർന്നു, വീട്ടുടമയ്ക്ക് പരിക്ക്.

> **Lead Summary:** **അത്താണി: **നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങാനായി വിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. അത്താണി കേരള ഫാർമസിക്ക് സമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. 

## Article Content

**അത്താണി: **നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങാനായി വിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. അത്താണി കേരള ഫാർമസിക്ക് സമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. 

ഓടിൻ്റെ ചീളുകൾ തെറിച്ച് സൈമണും പരുക്ക് പറ്റി. പരുക്ക് സാരമല്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ ദൂരത്ത് ഞായറാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം.100 ഓളം ഓടുകൾ പറന്ന് വീണു.

സൈമണും, ഭാര്യ ശോശാമ്മയും പള്ളിയിലെ പ്രാർഥന കഴിഞ്ഞ് വീട്ടിലെത്തിയയുടനെയായിരുന്നു സംഭവം. അത്യുഗ്രശബ്ദത്തിൽ താഴ്ന്ന് പറന്ന വിമാനത്തിൻ്റെ പ്രകമ്പനത്തിൽ വീടിൻ്റെ മേൽക്കൂര അടക്കം കിലുങ്ങി ഓടുകൾ പറന്ന് വീഴുകയായിരുന്നു.

അപകടത്തെത്തുടർന്ന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓടിൻ്റെ ചീള് സൈമൻ്റെ ദേഹത്ത് പതിച്ചത്. അപകടത്തിൽ വീടിൻ്റെ ഭിത്തികൾക്കും ശക്തമായ വിള്ളൽ അനുഭവപ്പെട്ടിട്ടുണ്ട്. രണ്ട് വർഷം മുമ്പ് സൈമൻ്റെ വീടിൻ്റെ സമീപത്തെ മറ്റ് വീടുകൾക്കും ഇത്തരത്തിൽ കേടുകൾ സംഭവിച്ചിട്ടുണ്ട്. ഗൾഫ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻ്റ് ചെയ്യാൻ താഴ്ന്നതോടെയായിരുന്നു ദുരന്തമുണ്ടായത്.

പലപ്പോഴും വിമാനത്താവളത്തിൽ നിന്ന് ജംബോ അടക്കം വിമാനങ്ങൾ ഉയരുമ്പോഴും, ഇറങ്ങുമ്പോഴും കാറ്റിൻ്റെ അതിശക്തമായ പ്രകമ്പനത്തിൽ വീടുകൾ കുലുങ്ങുന്നതും, വീടിൻ്റെ ഓടുകളും, ഷീറ്റുകളും പറന്ന് വീഴുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

വിമാനങ്ങൾ പറന്നുയരുന്ന ദിശകളിലാണ് ശാന്തിനഗറിലെ വീടുകൾ. കിടപ്പാടം തകർന്നതോടെ ദുരിതത്തിലായ സൈമൺ പഞ്ചായത്ത് അധികൃതർക്കും, നെടുമ്പാശ്ശേരി വിമാനത്താവള അതോറിറ്റിക്കും പരാതി നൽകിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365901/plane-crashes-nedumbassery-airport-roof-of-house-collapses)