---
title: "നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ; ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് കോഴിക്കോടെത്തും"
english_title: "Nipah Health Minister To Arrive In Kozhikode Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365853/nipah-health-minister-to-arrive-in-kozhikode-today"
published_at: "2026-06-14T06:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e045a35f97_K__MURALIDHARAN.jpg"
keywords: ["Latest News", "Nipah Virus", "Health Minister", "K Muralidharan", "Kozhikode"]
---

# നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ; ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് കോഴിക്കോടെത്തും

> **Lead Summary:** തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് കോഴിക്കോടെത്തും. നിപ ഏകോപനങ്ങളിൽ വൻ വീഴ്ചയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ആശയക്കുഴപ്പം പരിഹരിക്കാൻ മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്യുന്നത്.

## Article Content

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് കോഴിക്കോടെത്തും. നിപ ഏകോപനങ്ങളിൽ വൻ വീഴ്ചയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ആശയക്കുഴപ്പം പരിഹരിക്കാൻ മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്യുന്നത്.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, കേന്ദ്ര സംഘവും സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയിലുണ്ട്. നിപ ബാധിച്ച് ചികിത്സയിലുള്ള 43-കാരൻ വെന്റിലേറ്ററിൽ തുടരുന്നു. രോഗിക്ക് നൽകാനുള്ള റെംഡിസീവർ മരുന്ന് ഡൽഹിയിൽ നിന്നും കോഴിക്കോട്ടെത്തിച്ചു.

മോണോക്ലോണൽ ആൻ്റിബോഡി മരുന്നുകൾ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അതേസമയം രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.

**ഷിഗെല്ലാ ബാധിതരുടെ എണ്ണം ഉയരുന്നു**

സംസ്ഥാനത്ത് ഷിഗെല്ലാ ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 135 ആയി ഉയർന്നു. 75 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്.

കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലായി മൂന്ന് പേർക്കാണ് ഇന്നലെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജൂൺ മാസത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 59 ആയി. ഈ വർഷം ഇതുവരെ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 135 ആയി. 75 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി കോംപ്ലക്സിലെ ഒരു സ്വകാര്യ ബേക്കറിയിൽ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം ഇന്നലെ അടിയന്തര യോഗം ചേർന്നു.

രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365853/nipah-health-minister-to-arrive-in-kozhikode-today)