---
title: "തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; തൃശൂര്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് പരാതി"
english_title: "There Were Lapses In Election Activities Complaint Seeking Replacement Of Thrissur- DCC President"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365840/there-were-lapses-in-election-activities-complaint-seeking-replacement-of-thrissur-dcc-president"
published_at: "2026-06-13T22:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d87adaa9f7_COMPLAINT1.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; തൃശൂര്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് പരാതി

> **Lead Summary:** തൃശൂര്‍: തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ പരാതിയുമായി കെപിസിസി സെക്രട്ടറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒല്ലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന ഷാജി കോടങ്കണ്ടത്താണ് പരാതി നല്‍കിയത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസഫ് ടാജറ്റിനെ മാറ്റണമെന്നാണ് ഷാജിയുടെ ആവശ്യം.

## Article Content

തൃശൂര്‍: തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ പരാതിയുമായി കെപിസിസി സെക്രട്ടറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒല്ലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന ഷാജി കോടങ്കണ്ടത്താണ് പരാതി നല്‍കിയത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസഫ് ടാജറ്റിനെ മാറ്റണമെന്നാണ് ഷാജിയുടെ ആവശ്യം.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നേരില്‍ കണ്ടാണ് ഷാജി പരാതി കൈമാറിയത്. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഡിസിസിയുടെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായതായി പരാതിയില്‍ പറയുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഷാജി ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് തൃശൂരില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഷാജി കോടങ്കണ്ടത്ത് സ്ഥാനാര്‍ത്ഥിയായിരുന്ന ഒല്ലൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് പരാജയം രുചിക്കുകയായിരുന്നു. എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ജില്ലയായും തൃശൂര്‍ മാറി.

ജില്ലയില്‍ ആകെയുള്ള 13 സീറ്റില്‍ ഒമ്പതിടത്തും ഇടത് മുന്നണിക്കായിരുന്നു വിജയം. അതേസമയം ഒരു സീറ്റിന്റെ വര്‍ധനവുണ്ടാക്കാന്‍ യുഡിഎഫിനും സാധിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പുകളുടെ കണക്കുകൂട്ടല്‍ അനുസരിച്ച് തൃശൂരും തങ്ങള്‍ക്ക് അനുകൂലമാകുമെന്നായിരുന്നു യുഡിഎഫിന്റെ വിശ്വാസം. ഈ പരാജയം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജോസഫ് ടാജറ്റിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365840/there-were-lapses-in-election-activities-complaint-seeking-replacement-of-thrissur-dcc-president)