---
title: "ഉണർന്ന് പ്രവർത്തിക്കണം, നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സിപിഐഎം"
english_title: "CPI(M) Demands That The Government Continued  Indifference Towards Nipah Prevention Activities End"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365827/cpim-demands-that-the-government-continued-indifference-towards-nipah-prevention-activities-end"
published_at: "2026-06-13T19:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ff42a13c66_CPIM.jpg"
keywords: ["Latest News", "CPIM", "Nipah Virus", "Health Minister", "K Muraleedharan"]
---

# ഉണർന്ന് പ്രവർത്തിക്കണം, നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സിപിഐഎം

> **Lead Summary:** തിരുവനന്തപുരം: നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സിപിഐഎം. അതീവ ഗുരുതരമായ ആരോഗ്യപ്രതിസന്ധി സംസ്ഥാനത്ത് രൂപപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ തുടരുന്നത്.

## Article Content

തിരുവനന്തപുരം: നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സിപിഐഎം. അതീവ ഗുരുതരമായ ആരോഗ്യപ്രതിസന്ധി സംസ്ഥാനത്ത് രൂപപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ തുടരുന്നത്.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ പോലും മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇല്ലാത്ത സ്ഥിതിയാണ്. അനാസ്ഥ വെടിഞ്ഞ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും സര്‍ക്കാരിന് സിപിഐഎമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടാവും. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണമെന്ന് എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

നിപ സ്ഥിരീകരിച്ച വിവരം അറിയിക്കുന്നതിലും രോഗിയുടെ ആരോഗ്യസ്ഥിതി വിവരിക്കുന്നതിലുമെല്ലാം മന്ത്രിയും ജില്ലാ ഭരണകൂടവും തമ്മിലുള്ള ഏകോപനമില്ലായ്മ ജനങ്ങള്‍ക്ക് മുന്‍പില്‍ വെളിവായിരുന്നു. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത് പോലും മന്ത്രി അറിഞ്ഞിരുന്നില്ല എന്നത് ഗൗരവകരമായ വീഴ്ചയാണ്. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന നിപ രോഗിക്ക് ആവശ്യമായ മരുന്നു പോലും ഇനിയും എത്തിയിട്ടില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും സിപിഐഎം പറഞ്ഞു.

നിപ ബാധ അറിയുന്ന സമയത്ത് കോഴിക്കോട് ഉണ്ടായിരുന്ന മന്ത്രി, അവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയതും സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗ സമീപനത്തിന്റെ തെളിവാണ്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ അശാസ്ത്രീയമായ അബദ്ധധാരണകള്‍ വിളിച്ചുപറഞ്ഞ് ഇത്തരം രോഗങ്ങളെ ലഘൂകരിച്ചവരാണ്, ഇപ്പോള്‍ ഈ പ്രതിസന്ധിക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുന്നത്. വിഷയത്തെ ഗൗരവകരമായി കാണുന്നുണ്ടെങ്കില്‍ ആരോഗ്യമന്ത്രി ഉടന്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

റൂട്ട് മാപ്പ് പരിശോധിച്ച് വിപുലമായ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയും കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിച്ചും നിരീക്ഷണം ഉറപ്പാക്കുന്ന പ്രാഥമിക നടപടി പോലും ഇനിയും ചെയ്തിട്ടില്ല. രോഗബാധിതന്റെ പ്രദേശത്തെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഒരു ഇടപെടലും സര്‍ക്കാര്‍ നടത്തിയിട്ടില്ല.

സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാനോ കൃത്യമായി വിവരങ്ങള്‍ കൈമാറാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ജനപ്രതിനിധികളെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുന്നതിലും സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്.

ഇതേ സമയത്താണ് ഈ പ്രതിസന്ധി മുന്നില്‍ നിന്ന് നേരിടേണ്ട ആരോഗ്യവകുപ്പ് ഡയറക്ടറെ തെറ്റായ കാരണം പറഞ്ഞ്, പകപോക്കലിന്റെ ഭാഗമായി സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

അതീവ ഗുരുതരവും ഉയര്‍ന്ന മരണനിരക്കുമുള്ള നിപ രോഗത്തെ സുശക്തമായി പ്രതിരോധിച്ച് മുന്‍പ് കേരളം ലോകശ്രദ്ധ നേടിയിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലിലൂടെയും, സുശക്തമായ ജനകീയ പ്രതിരോധത്തിലൂടെയും, കേരളത്തിലെ പൊതുജനാരോഗ്യമേഖലയുടെ കരുത്തിലൂടെയുമാണ് ഇത് സാധ്യമാക്കിയത്.

സിസ്റ്റര്‍ ലിനിയെപ്പോലെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍പോലും തൃണവല്‍ക്കരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ മഹാമാതൃക സൃഷ്ടിച്ചത്. യുഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ നടത്തിയത് പോലെ ഇത്തരം വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഐഎം ആഗ്രഹിക്കുന്നില്ല.

പക്ഷേ സര്‍ക്കാര്‍ സമ്പൂര്‍ണ നിഷ്‌ക്രിയത്വം തുടര്‍ന്ന് പൊതുജനാരോഗ്യം അപകടത്തിലാക്കുന്നുവെന്ന ഘട്ടത്തിലാണ് ഇക്കാര്യങ്ങള്‍ പറയാന്‍ സിപിഐഎം നിര്‍ബന്ധിതമായതെന്നും പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്ത് ഷിഗല്ല, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങി വിവിധ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. കൃത്യമായി രോഗബാധിതരുടെ എണ്ണം പോലും സര്‍ക്കാരിന്റെ കൈവശമില്ല. പനി മരണങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. മഴക്കാല പൂര്‍വ ശുചീകരണം പാടേ പാളിയതിനാല്‍ സംസ്ഥാനമെങ്ങും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.

വിവിധ വകുപ്പുകള്‍ പരസ്പരം പഴിചാരി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ശാസ്ത്രീയവും വിപുലവുമായി ഇടപെടലിലൂടെ ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഐഎം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365827/cpim-demands-that-the-government-continued-indifference-towards-nipah-prevention-activities-end)