---
title: "'കോണ്‍ഗ്രസ് ആരുടെ സന്തോഷത്തിനായാണ് പ്രവര്‍ത്തിക്കുന്നത്? ആര്‍എസ്എസിനെ നേരിടുന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട' - ജോണ്‍ ബ്രിട്ടാസ്"
english_title: " Left Doesn't Need Rahul' Certificate  To Confront RSS John Brittas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365825/left-doesnt-need-rahul-certificate-to-confront-rss-john-brittas"
published_at: "2026-06-13T19:15:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d5fd755cac_John_Brittas.jpg"
keywords: ["Latest News", "John Brittas", "Rahul Gandhi", "RSS"]
---

# 'കോണ്‍ഗ്രസ് ആരുടെ സന്തോഷത്തിനായാണ് പ്രവര്‍ത്തിക്കുന്നത്? ആര്‍എസ്എസിനെ നേരിടുന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട' - ജോണ്‍ ബ്രിട്ടാസ്

> **Lead Summary:** ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണി യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ പൂര്‍ണമായും പുറത്തുവിടണമെന്ന് ഇടത് നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. യോഗത്തിലെ അഞ്ച് ശതമാനം ചര്‍ച്ചകള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

## Article Content

ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണി യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ പൂര്‍ണമായും പുറത്തുവിടണമെന്ന് ഇടത് നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. യോഗത്തിലെ അഞ്ച് ശതമാനം ചര്‍ച്ചകള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ കെട്ടിപിടിക്കാനാകില്ലെന്നും അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടം തുടരുമെന്നുമുള്ള രാഹുല്‍ ഗാന്ധി എംപിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ബ്രിട്ടാസിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയെ ആരോ കബളിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കെ.സി വേണുഗോപാല്‍ എംപി എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. സിപിഎമ്മിന്റെ പിന്തുണയോടെയാണ് രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുന്നതെന്നും ബ്രിട്ടാസ് ഓര്‍മിപ്പിച്ചു.

ഡിഎംകെയെ ആട്ടിപായിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് എന്താണ് ചെയ്തത്? പ്രതിപക്ഷനിരയ്ക്ക് ഗുണം ചെയ്യുന്ന കാര്യങ്ങള്‍ അല്ല കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസ് സങ്കുചിതമായ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

'ആര്‍എസ്എസിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ് ഇടതുപക്ഷത്തിനും സിപിഐഎമ്മിന് വേണ്ട. ബിജെപിയെ നേരിടാന്‍ പ്രത്യയശാസ്ത്രപരമായ അടിത്തറ ഉണ്ടാകണം. പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടിക്ക് ഉത്തരവാദിത്തം കൂടും. കോണ്‍ഗ്രസ് ആരുടെ സന്തോഷത്തിനായാണ് പ്രവര്‍ത്തിക്കുന്നത്? വെറും രണ്ട് സീറ്റിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഡിഎംകെയെ ഒഴിവാക്കിയത്,' ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

2004ല്‍ 63 എംപിമാരുമായി വന്ന് തങ്ങള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത് ബിജെപിയെ പ്രതിരോധിക്കാന്‍ വേണ്ടിയാണ്. ഇന്ത്യയില്‍ ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ ആര്‍ജവം വേണമെന്നും ബ്രിട്ടാസ് പറഞ്ഞു.

ഇടയ്ക്കിടെയുള്ള ഒത്തുകളികള്‍ ഗുണകരമല്ല. ഇതേ അഭിപ്രായമാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എംപി, എന്‍സിപി നേതാവ് സുപ്രിയ സുലെ എംപി അടക്കമുള്ളവര്‍ പ്രകടിപ്പിച്ചത്. നിതീഷ് കുമാറിനെ ഒഴിവാക്കിയിരുന്നില്ലെങ്കില്‍ ഇന്ന് ബിജെപി അധികാരത്തില്‍ വരുമായിരുന്നോ എന്നാണ് ആർജെഡി നേതാവ് തേജസ്വി യാദവ് യോഗത്തില്‍ ഉന്നയിച്ച ചോദ്യം. ഇതേ യോഗത്തില്‍ താനുള്‍പ്പെടെയുള്ളവര്‍ സംസാരിച്ച വിഷയങ്ങള്‍ പുറത്തുവരണമെന്നും ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365825/left-doesnt-need-rahul-certificate-to-confront-rss-john-brittas)