---
title: "നിപ: മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു"
english_title: "Nipah outbreak, Revenue Minister A P Anilkumar,  held a review meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365815/nipah-outbreak-revenue-minister-a-p-anilkumar-held-a-review-meeting"
published_at: "2026-06-13T17:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d4b19e4a58_ANIL.jpg"
keywords: ["Nipah", "Revenue Minister", "A P Anilkumar", "Review meeting"]
---

# നിപ: മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

> **Lead Summary:** **കോഴിക്കോട് : **നിപ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു.

## Article Content

**കോഴിക്കോട് : **നിപ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു.

രോഗിയുടെയും അദ്ദേഹവുമായി സമ്പര്‍ക്കമുള്ളവരുടെയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, അവര്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ലഭ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. മുമ്പ് നിപ ബാധയുണ്ടായപ്പോള്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പ്രോട്ടോകോള്‍ പ്രകാരം കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും രോഗിയുടെ അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന നടത്തിയെന്നും ഇവര്‍ക്ക് രോഗബാധയില്ലെന്നും ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി യോഗത്തില്‍ അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) സംഘവുമായും മന്ത്രി ആശയവിനിമയം നടത്തി.

യോഗത്തില്‍ എ.ഡി.എം പി അഖില്‍, പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ പി റീത്ത, ഡി.എം.ഒ ഡോ. വി പി രാജേഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീത്ത് കുമാര്‍, വണ്‍ ഹെല്‍ത്ത് സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ. നവീന്‍, ആരോഗ്യ വകുപ്പ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365815/nipah-outbreak-revenue-minister-a-p-anilkumar-held-a-review-meeting)