---
title: "സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണം കടം വാങ്ങാറുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; ആദായനികുതി നിയമങ്ങൾ അറിയാം"
english_title: "Do you borrow money Do you know the income tax laws"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365798/do-you-borrow-money-do-you-know-the-income-tax-laws"
published_at: "2026-06-13T16:39:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d3b544c0f1_money.jpg"
keywords: ["latest news", "borrow money", "income tax laws"]
---

# സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണം കടം വാങ്ങാറുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; ആദായനികുതി നിയമങ്ങൾ അറിയാം

> **Lead Summary:** **[** സാമ്പത്തികമായി ഒരു പ്രതിസന്ധി ഉണ്ടായാൽ നമ്മൾ ആദ്യം സഹായം തേടുന്നത് സുഹൃത്തുക്കളോടോ അടുത്ത ബന്ധുക്കളോടോ ആയിരിക്കും. ബാങ്കുകളെപ്പോലെ കടുത്ത നിബന്ധനകൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇത്തരം ഇടപാടുകൾ വളരെ എളുപ്പമാണ്. എന്നാൽ, അടുത്ത സുഹൃത്തോ സ്വന്തം സഹോദരനോ ആണെങ്കിൽ പോലും വലിയ തുകകൾ കൈമാറുമ്പോൾ ചില ആദായനികുതി നിയമങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ തുക പിഴയൊടുക്കേണ്ടി വരും.

## Article Content

**[** സാമ്പത്തികമായി ഒരു പ്രതിസന്ധി ഉണ്ടായാൽ നമ്മൾ ആദ്യം സഹായം തേടുന്നത് സുഹൃത്തുക്കളോടോ അടുത്ത ബന്ധുക്കളോടോ ആയിരിക്കും. ബാങ്കുകളെപ്പോലെ കടുത്ത നിബന്ധനകൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇത്തരം ഇടപാടുകൾ വളരെ എളുപ്പമാണ്. എന്നാൽ, അടുത്ത സുഹൃത്തോ സ്വന്തം സഹോദരനോ ആണെങ്കിൽ പോലും വലിയ തുകകൾ കൈമാറുമ്പോൾ ചില ആദായനികുതി നിയമങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ തുക പിഴയൊടുക്കേണ്ടി വരും.

നിശ്ചിത പരിധിയിൽ കൂടുതൽ തുക കറൻസിയായി (Cash) കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്താൽ ആദായനികുതി വകുപ്പ് നിങ്ങളെ തേടിയെത്തും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 269SS പ്രകാരം, ഒരു വ്യക്തിയിൽ നിന്നും 20,000 രൂപയ്ക്ക് മുകളിൽ കറൻസി രൂപത്തിൽ പണം കടം വാങ്ങാൻ പാടുള്ളതല്ല.

 ഈ നിയമം ലംഘിച്ച് പണം കൈമാറിയാൽ, എത്ര തുകയാണോ കടം വാങ്ങിയത് അതിന് തുല്യമായ തുക തന്നെ ആദായനികുതി വകുപ്പ് പിഴയായി ഈടാക്കും. നിങ്ങൾ ഒരാളിൽ നിന്ന് ഒരു ലക്ഷം രൂപ കറൻസിയായി കടം വാങ്ങിയാൽ, ഒരു ലക്ഷം രൂപ തന്നെ പിഴയൊടുക്കേണ്ടി വരും.

**ആർക്കാണ് പിഴ?**

മിക്കവരും വിചാരിക്കുന്നത് കടം വാങ്ങിയ ആൾക്കാണ് പിഴയെന്നാണ്. എന്നാൽ ആദായനികുതി വകുപ്പ് ഈ ഇടപാട് കണ്ടെത്തിയാൽ, പണം നൽകിയ ആൾക്കാണ് ഇതിന്റെ നിയമസാധുതയും ഉറവിടവും തെളിയിക്കേണ്ട ബാധ്യതയുള്ളത്. പിഴയൊടുക്കേണ്ടി വരുന്നതും പണം നൽകിയ ആൾക്കാണ്. ഇടപാടുകാർ തമ്മിലുള്ളത് കുടുംബബന്ധമോ സൗഹൃദമോ ബിസിനസ് പങ്കാളിത്തമോ ആകട്ടെ, സെക്ഷൻ 269SS പ്രകാരമുള്ള ഈ നിയന്ത്രണം എല്ലാവർക്കും ഒരേപോലെ ബാധകമാണ്.

**എപ്പോഴൊക്കെയാണ് ഈ നിയന്ത്രണം ബാധകമാകുന്നത്?**

ഒരാളിൽ നിന്ന് ഒറ്റത്തവണയായി വാങ്ങുന്ന തുക 20,000 രൂപയോ അതിൽ കൂടുതലോ ആയാൽ. മുൻപ് വാങ്ങിയ തുകയുടെ കുടിശ്ശികയും പുതിയതായി വാങ്ങുന്ന തുകയും ചേർത്ത് ആകെ തുക 20,000 രൂപയ്ക്ക് മുകളിലായാൽ. 20,000 രൂപയ്ക്ക് മുകളിലുള്ള ഏത് സാമ്പത്തിക ഇടപാടുകളും കൃത്യമായ രേഖകളോടെ ബാങ്ക് വഴി മാത്രം നടത്താൻ ശ്രദ്ധിക്കുക. ഇതിനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

ഓൺലൈൻ ബാങ്ക് ട്രാൻസ്ഫർ (NEFT, RTGS, IMPS, UPI)

അക്കൗണ്ട് പേയീ ചെക്ക് (Account Payee Cheque)

ഡിമാൻഡ് ഡ്രാഫ്റ്റ് (DD)

രണ്ടു ലക്ഷത്തിന് മുകളിലുള്ള കറൻസി ഇടപാടുകൾക്കും വിലക്ക്

വസ്തുവോ ആഭരണങ്ങളോ മറ്റോ വിൽക്കുമ്പോൾ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ കറൻസിയായി കൈപ്പറ്റുന്നതും നിയമവിരുദ്ധമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 271DA പ്രകാരം ഇത്തരം ഇടപാടുകൾക്കും കടുത്ത പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. അതുകൊണ്ട് സുഹൃത്തുക്കളോടും ബന്ധുക്കളോടും പണം കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ബാങ്ക് വഴിയുള്ള ഇടപാടുകൾ മാത്രം ശീലമാക്കുക, വലിയ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365798/do-you-borrow-money-do-you-know-the-income-tax-laws)