---
title: "മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ; ചികിത്സാ പിഴവിനെത്തുടർന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്"
english_title: "Financial assistance to Vinodini, including arrears, will be distributed soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365787/financial-assistance-to-vinodini-including-arrears-will-be-distributed-soon"
published_at: "2026-06-13T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d336be69d1_25.jpg"
keywords: ["Latest News", "Thiruvanandapuram", "Vinodini", "Medical Malpractice"]
---

# മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ; ചികിത്സാ പിഴവിനെത്തുടർന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

> **Lead Summary:** **തിരുവനന്തപുരം: [ **സർക്കാർ ധനസഹായം നാലു മാസമായി മുടങ്ങിയ പാലക്കാട് സ്വദേശി ഒമ്പത് വയസ്സുകാരി വിനോദിനിയുടെ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു.

## Article Content

**തിരുവനന്തപുരം: [ **സർക്കാർ ധനസഹായം നാലു മാസമായി മുടങ്ങിയ പാലക്കാട് സ്വദേശി ഒമ്പത് വയസ്സുകാരി വിനോദിനിയുടെ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു.

പ്രതിപക്ഷ നേതാവായിരിക്കെ വിനോദിനിയുടെ ചികിത്സയ്ക്കും താമസസൗകര്യത്തിനുമായി മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഉന്നതതലത്തിൽ ഇടപെടുകയായിരുന്നു.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിനോദിനിക്ക് ധനസഹായം നൽകിവന്നത്. കേന്ദ്രഫണ്ട് ലഭ്യമാകുന്നതിലുണ്ടായ കാലതാമസമാണ് സഹായം മുടങ്ങാൻ കാരണമായതെന്ന് വകുപ്പ് ഡയറക്ടർ വിശദീകരിച്ചു.

പുതിയ സാമ്പത്തിക വർഷമായതോടെ തടസ്സപ്പെട്ട കുടിശിക, നിലവിൽ ലഭ്യമായ മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് അടിയന്തരമായി തീർപ്പാക്കുമെന്ന് വകുപ്പ് ഉറപ്പുനൽകി. കൂടാതെ, വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ ഇടപെടലിൽ വലിയ ആശ്വാസമുണ്ടെന്നും സർക്കാർ സഹായം ഇനി മുടങ്ങില്ലെന്ന് വിശ്വസിക്കുന്നുവെന്നും വിനോദിനിയുടെ അമ്മ പ്രതികരിച്ചു. 

സർക്കാർ സംവിധാനങ്ങളുടെ വീഴ്ച മൂലം കൈ നഷ്ടപ്പെട്ട വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം ഷാജേഷ് ഭാസ്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ഈ ശിപാർശ നൽകിയത്.

**കമ്മീഷന്റെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ:**

തുടർപഠനം: 21 വയസ്സുവരെ കുട്ടിയുടെ പഠനച്ചെലവ് ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഉറപ്പുവരുത്തണം.

ചികിത്സ: കുട്ടിയുടെ തുടർചികിത്സാ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഏകോപിപ്പിക്കണം.

മറ്റ് സഹായങ്ങൾ: 'മിഷൻ വാത്സല്യ' പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളും മാനസിക പിന്തുണയും ലഭ്യമാക്കണം.

റിപ്പോർട്ട്: നടപടിക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനുള്ളിൽ കമ്മീഷന് സമർപ്പിക്കണം.

വിനോദിനിയുടെ പുനരധിവാസത്തിനായി സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ച നിലപാടുകളെ കമ്മീഷൻ പ്രത്യേകമായി അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365787/financial-assistance-to-vinodini-including-arrears-will-be-distributed-soon)