---
title: "സിനിമാ സ്റ്റൈലിൽ തട്ടിപ്പ്; കാനഡയിലെന്ന വ്യാജേന 'സെറ്റിട്ട്' വീഡിയോ കോൾ, 6 ദിവസം കെട്ടിയിട്ട് പീഡനം ചേരാനെല്ലൂർ തടങ്കൽ തട്ടിപ്പിൽ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ "
english_title: "Eyewitness reveals details in Cheranellore detention scam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365775/eyewitness-reveals-details-in-cheranellore-detention-scam"
published_at: "2026-06-13T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d272accd6c_sfh.jpg"
keywords: ["latest news", "Cheranellore  canada scam"]
---

# സിനിമാ സ്റ്റൈലിൽ തട്ടിപ്പ്; കാനഡയിലെന്ന വ്യാജേന 'സെറ്റിട്ട്' വീഡിയോ കോൾ, 6 ദിവസം കെട്ടിയിട്ട് പീഡനം ചേരാനെല്ലൂർ തടങ്കൽ തട്ടിപ്പിൽ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ 

> **Lead Summary:** കൊച്ചി:**[** ചേരാനെല്ലൂരിൽ ഇതരസംസ്ഥാനക്കാരായ ഏഴ് യുവാക്കളെ വാടകവീട്ടിൽ തടങ്കലിൽ പാർപ്പിച്ച് തോക്കുചൂണ്ടി പണം തട്ടിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തട്ടിപ്പ് സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയ യുവാവിനെ നേരിട്ടു കണ്ട നാട്ടുകാരനാണ് ക്രൂരതയുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്.

## Article Content

കൊച്ചി:**[** ചേരാനെല്ലൂരിൽ ഇതരസംസ്ഥാനക്കാരായ ഏഴ് യുവാക്കളെ വാടകവീട്ടിൽ തടങ്കലിൽ പാർപ്പിച്ച് തോക്കുചൂണ്ടി പണം തട്ടിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തട്ടിപ്പ് സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയ യുവാവിനെ നേരിട്ടു കണ്ട നാട്ടുകാരനാണ് ക്രൂരതയുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്.

> "ഒരാൾ നിലവിളിച്ചുകൊണ്ട് ഓടി വന്ന് രക്ഷിക്കണമെന്ന് പറയുകയായിരുന്നു. ഏഴുപേരെയും വാടകവീട്ടിൽ കെട്ടിയിട്ടിരിക്കുകയാണെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും അവൻ പറഞ്ഞു. ആറ് ദിവസത്തോളമാണ് ഇവരെ തടങ്കലിൽ പാർപ്പിച്ചത്. അയൽവാസികൾക്ക് സംശയം തോന്നാതിരിക്കാൻ പ്രതികൾ നാട്ടുകാരോട് വളരെ സൗഹൃദപരമായാണ് ഇടപെട്ടിരുന്നത്," ദൃക്‌സാക്ഷി വെളിപ്പെടുത്തി.

ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളെയാണ് ചേരാനെല്ലൂരിലെ വാടകവീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തിയത്. തട്ടിപ്പ് സംഘം പുറത്തുപോയ തക്കം നോക്കി ഇതിലൊരാൾ കെട്ടഴിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചേരാനെല്ലൂർ പൊലീസ് എത്തി ബാക്കി ആറുപേരെയും മോചിപ്പിക്കുകയുമായിരുന്നു.

30 ലക്ഷം രൂപ തട്ടി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളിൽ നിന്ന് പ്രതികൾ 30 ലക്ഷം രൂപ കൈപ്പറ്റിയത്. പണം വാങ്ങി വിസ നൽകാതെ ഇവരെ ചേരാനെല്ലൂരിലെ വീട്ടിൽ പൂട്ടിയിട്ടു. കുടുംബാംഗങ്ങൾക്ക് സംശയം തോന്നാതിരിക്കാൻ വീടിനുള്ളിൽ കാനഡയിലാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പ്രത്യേക 'സെറ്റിട്ട്' അതിന് മുന്നിൽ നിർത്തിയാണ് വീട്ടുകാരെ വീഡിയോ കോൾ ചെയ്യിച്ചിരുന്നത്.

സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ അബ്ദുൾ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് തടവിലാക്കപ്പെട്ട യുവാക്കളുടെ ഫോണുകളും പാസ്‌പോർട്ടും ഒരു ലക്ഷത്തോളം രൂപയും കണ്ടെടുത്തു. തടവുകാർ രക്ഷപ്പെട്ട വിവരം അറിഞ്ഞ് മറ്റ് പ്രതികൾ പൊലീസ് എത്തുന്നതിന് മുൻപ് പണവുമായി മുങ്ങി. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിൽ മലയാളികളുണ്ടെന്നും പൊലീസിന് സംശയമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365775/eyewitness-reveals-details-in-cheranellore-detention-scam)