---
title: "'പ്രിയദർശിനി' ഒരുങ്ങി; ഉദ്ഘാടന ദിവസം ബസ് ഓടിക്കാൻ കെഎസ്ആർടിസിയുടെ ആദ്യ  വനിതാ ഡ്രൈവർ ഷീല; ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര"
english_title: "Priyadarshini Free Bus Travel Scheme: KSRTC's first woman driver to drive bus on inaugural day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365738/priyadarshini-free-bus-travel-scheme-ksrtcs-first-woman-driver-to-drive-bus-on-inaugural-day"
published_at: "2026-06-13T13:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d138fa67dd_adsfdsf.jpg"
keywords: ["latest news", "KSRTC's first woman driver", "Priyadarshini Free Bus", "KSRTC", "JUNE 15"]
---

# 'പ്രിയദർശിനി' ഒരുങ്ങി; ഉദ്ഘാടന ദിവസം ബസ് ഓടിക്കാൻ കെഎസ്ആർടിസിയുടെ ആദ്യ  വനിതാ ഡ്രൈവർ ഷീല; ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

> **Lead Summary:** തിരുവനന്തപുരം:**[ ** കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും സൗജന്യ യാത്രയൊരുക്കുന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'പ്രിയദർശിനി'ക്ക് തിങ്കളാഴ്ച (ജൂൺ 15) തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം പെരുമ്പാവൂർ ഡിപ്പോയിലെ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീലയാണ് ബസ് ഓടിക്കുക. കണ്ടക്ടറും വനിതയായിരിക്കും.

## Article Content

തിരുവനന്തപുരം:**[ ** കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും സൗജന്യ യാത്രയൊരുക്കുന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'പ്രിയദർശിനി'ക്ക് തിങ്കളാഴ്ച (ജൂൺ 15) തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം പെരുമ്പാവൂർ ഡിപ്പോയിലെ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീലയാണ് ബസ് ഓടിക്കുക. കണ്ടക്ടറും വനിതയായിരിക്കും.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിവിഐപികൾ ഉദ്ഘാടന ദിവസം തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ ഈ ബസിൽ യാത്ര ചെയ്യും. സംസ്ഥാനത്താകെ 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.

**സൗജന്യ യാത്ര ലഭിക്കുന്ന 7 വിഭാഗം ബസുകൾ:**

*സാധാരണ ഓർഡിനറി സർവീസ്*

*സിറ്റി ഓർഡിനറി ബസ്*

*ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്*

*ടൗൺ ടു ടൗൺ ബസ്*

*ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി*

*പോയിന്റ്‌ ടു പോയിന്റ്‌ ഓർഡിനറി സർവീസ്*

*ഗ്രാമവണ്ടി സർവീസ്*

**ശ്രദ്ധിക്കുക: **സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസുകളിലും ഉത്സവകാല സ്പെഷ്യൽ, വീക്ക് എൻഡ് അഡീഷണൽ സർവീസുകൾ, ബിറ്റിസി, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിലും സൗജന്യം ഉണ്ടായിരിക്കില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കർശന നിർദ്ദേശങ്ങളടങ്ങിയ മെമ്മോറാണ്ടം പുറത്തിറക്കി. സൗജന്യ യാത്രയ്ക്ക് യാതൊരുവിധ ദൂരപരിധിയും ഉണ്ടായിരിക്കില്ല.  സൗജന്യ യാത്രയുള്ള ബസുകളുടെ മുന്നിലും ഇരുവശത്തും 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തും.

 സ്ത്രീകൾക്ക് തുക ഈടാക്കാതെ നിർബന്ധമായും 'സീറോ ടിക്കറ്റ്' നൽകും. ടിക്കറ്റിൽ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലം കൃത്യമായി രേഖപ്പെടുത്തണം. കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ ലഗേജ് ടിക്കറ്റ് എടുക്കണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടിക്കറ്റുകളാകും നൽകുക.

സ്ത്രീകൾക്ക് ടിക്കറ്റ് നൽകാതിരിക്കുകയോ പണം ഈടാക്കുകയോ ചെയ്താൽ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. പുരുഷന്മാർക്ക് വനിതകളുടെ സൗജന്യ ടിക്കറ്റ് നൽകിയാലും നടപടിയുണ്ടാകും. സൗജന്യമില്ലാത്ത ബസുകളിൽ കയറും മുൻപ് കണ്ടക്ടർമാർ വിവരം സ്ത്രീകളെ അറിയിക്കണം. വനിതാ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും സുരക്ഷിതമായി കയറാനും ഇറങ്ങാനും അവസരമൊരുക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനായി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രത്യേക പരിശീലനം നൽകും.

സൗജന്യ യാത്ര ലഭ്യമാക്കുന്നതിനായി ബാങ്ക് മുഖേന പണം ലഭ്യമാക്കാനുള്ള നീക്കം കെഎസ്ആർടിസി തുടങ്ങി. സർക്കാർ ഗ്യാരന്റിയിൽ കെഎസ്ആർടിസിക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കാനാണ് ചർച്ചകൾ നടക്കുന്നത്. മാസം ആദ്യം ബാങ്ക് പണം ലഭ്യമാക്കുകയും, മാസാവസാനത്തോടെ പലിശ ഉൾപ്പെടെയുള്ള തുക സർക്കാർ ബാങ്കിലേക്ക് അടയ്ക്കുകയും ചെയ്യുന്ന സ്ഥിരം സംവിധാനത്തിനാണ് രൂപം നൽകുന്നത്.

ഇന്ദിരാഗാന്ധിയുടെ നിഴൽചിത്രം ഉൾപ്പെടുന്ന പദ്ധതിയുടെ ലോഗോ ഡിസൈൻ ചെയ്യാൻ സി-ഡിറ്റിനെ (C-DIT) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ ലോഗോ തയ്യാറാക്കി തിങ്കളാഴ്ചയ്ക്ക് മുൻപ് ബസുകളിൽ പതിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365738/priyadarshini-free-bus-travel-scheme-ksrtcs-first-woman-driver-to-drive-bus-on-inaugural-day)