---
title: "   കൺചിമ്മിയത് എന്തിന്? 'രണ്ടുകൈയും ഒടിഞ്ഞ കുഞ്ഞിന്റെ ചിത്രം  കണ്ട് നെഞ്ചുപൊട്ടിയാണ് ഹെൽപ്‍ലൈനിലേക്ക് വിളിച്ചത്, ആരും നടപടിയെടുത്തില്ല' -  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമ്മൂമ്മ"
english_title: "Death of a 1.5-year-old boy in Nedumangad, Child Protection Unit, family with revelations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365714/death-of-a-15-year-old-boy-in-nedumangad-child-protection-unit-family-with-revelations"
published_at: "2026-06-13T12:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cfcf32c1c5_NEDUMANGAND_MURDER.jpg"
keywords: ["Nedumangadmurdercase", "Child Protection Unit"]
---

#    കൺചിമ്മിയത് എന്തിന്? 'രണ്ടുകൈയും ഒടിഞ്ഞ കുഞ്ഞിന്റെ ചിത്രം  കണ്ട് നെഞ്ചുപൊട്ടിയാണ് ഹെൽപ്‍ലൈനിലേക്ക് വിളിച്ചത്, ആരും നടപടിയെടുത്തില്ല' -  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമ്മൂമ്മ

> **Lead Summary:** **തിരുവനന്തപുരം : ** നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദ് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം.

## Article Content

**തിരുവനന്തപുരം : ** നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദ് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം.

കുഞ്ഞ് നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെയും നെടുമങ്ങാട് ഡിവൈഎസ്പിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും, എന്നാൽ ഉദ്യോഗസ്ഥർ ഈ പരാതികൾ അവഗണിക്കുകയായിരുന്നുവെന്നുമാണ് കുട്ടിയുടെ അമ്മൂമ്മ റീനയുടെ ആരോപണം.

കുഞ്ഞ് നേരിടുന്ന അതിക്രമങ്ങൾ വ്യക്തമായതോടെയാണ് നീതി തേടി ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചതെന്ന് അമ്മൂമ്മ റീന  പ്രതികരിച്ചു. നെടുമങ്ങാട് ഡിവൈഎസ്പിയെയും ഭയം അറിയിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മൂമ്മ പറയുന്നു.

അഖിലയും അഷ്കറും കുഞ്ഞിനെ കൊണ്ടുപോയത് ഏപ്രിൽ 11 നായിരുന്നു. ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിന്റെ രണ്ട് കയ്യും ഒടിഞ്ഞു. ആരെങ്കിലും നടപടി എടുത്തിരുന്നെങ്കിൽ കുഞ്ഞ് ജീവനോടെയുണ്ടാകുമായിരുന്നു. ഇനി ഒരു കുഞ്ഞും ബലിയാടവരുതെന്നും അമ്മൂമ്മ പറഞ്ഞു.

നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരൻ ക്രൂരപീഡനത്തിനിരയായിരുന്നത് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നുവെന്നതിന് തെളിവ് അടക്കമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കുഞ്ഞിന്റെ അമ്മൂമ്മ തന്നെ നേരിട്ട് ഹെൽപ്‍ലൈനിൽ വിളിച്ച് വിവരം അറിയിച്ചതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

കുഞ്ഞിന്റെ സുരക്ഷിതത്വത്തിൽ ഭയമുണ്ടെന്ന് പറഞ്ഞിട്ടും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഒരു തുടർനടപടിയുമെടുത്തില്ല. ഹെൽപ്‍ലൈനിൽ വിളിച്ചതിന്റെ 26-ാം ദിവസമാണ് ഒന്നരവയസുകാരൻ കൊല്ലപ്പെട്ടത്. മെയ് 3 നാണ് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരൻ അമ്മൂമ്മ റീന, ഡിസ്ട്രിക് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലേക്ക് വിളിക്കുന്നത്.

രണ്ടു കയ്യും ഒടിഞ്ഞ അർഷദിന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസായി കണ്ടതിന് പിന്നാലെയാണ് നെഞ്ചുപൊട്ടി അഖിലയുടെ അമ്മ റീന ഹെൽപ്‍ലൈനിലേക്ക് വിളിക്കുന്നത്. അഷ്കറിന്റെ വാടകവീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് റീനയായിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത്.

അഖിലയ്ക്കും അഷ്കറിനൊപ്പം കുഞ്ഞിനെ അയക്കേണ്ടിവന്ന സാഹചര്യവും കുഞ്ഞ് സുരക്ഷിതനല്ലെന്ന ആശങ്കയും വിട്ടുകിട്ടണണെന്ന അപേക്ഷയും റീന പറയുന്നത് സംഭാഷണത്തിൽ കേൾക്കാം. എന്നിട്ടും ഹെൽപ്‍ലൈനിൽ ഫോണെടുത്തയാൾ ഒന്നും ഗൗരവത്തിലെടുത്തില്ല. മറ്റെന്തോ പ്രശ്നങ്ങൾക്ക് പുറത്തുപറയുന്ന പരാതിയെന്ന് നിസ്സാരവത്കരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365714/death-of-a-15-year-old-boy-in-nedumangad-child-protection-unit-family-with-revelations)