---
title: "'അന്വേഷണം ശരിയായ വഴിയിൽ , അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ല'; കാഫിർ സ്ക്രീൻഷോട്ട് കേസിൽ  എസ്ഐടി"
english_title: "Kafir screenshot, SIT assesses progress of investigation,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365680/kafir-screenshot-sit-assesses-progress-of-investigation"
published_at: "2026-06-13T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24e629c2f4e_shafi.jpg"
keywords: ["Kafir Screenshot", "SIT", "Investigation", "Vatakara"]
---

# 'അന്വേഷണം ശരിയായ വഴിയിൽ , അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ല'; കാഫിർ സ്ക്രീൻഷോട്ട് കേസിൽ  എസ്ഐടി

> **Lead Summary:** **കോഴിക്കോട്: ** കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അന്വേഷണം ശരിയായ വഴിയിലാണെന്നും അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി.

## Article Content

**കോഴിക്കോട്: ** കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അന്വേഷണം ശരിയായ വഴിയിലാണെന്നും അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി.

കേസുമായി ബന്ധപ്പെട്ട് എസ്ഐടിക്കെതിരെ ഡിവൈഎഫ്ഐ ആരോപണം ഉന്നയിച്ചിരുന്നു. എസ്ഐടി രാഷ്ട്രീയപ്രേരിതമായി മുന്നോട്ടുപോകുന്നുവെന്നായിരുന്നു ആരോപിച്ചിരുന്നത്.

അതിനിടെ, കേസിൽ പുതിയതായി ഒൻപതുപേരുടെ മൊഴി രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്നുപേർ മുൻപും ചോദ്യംചെയ്യലിന് വിധേയരായവരാണ്. കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി പങ്കുവെച്ച 'വടകര സ്ക്വാഡ്' വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിന്മാരായ 10ൽ ആറുപേരാണ് മറ്റുള്ളവർ. സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്താനാണ് അഡ്മിന്മാരെ ചോദ്യം ചെയ്തത്.

ചോദ്യംചെയ്യാനുള്ള മറ്റുള്ളവർക്ക് അടുത്ത ദിവസം തന്നെ നോട്ടീസ് അയയ്ക്കാനാണ് എസ്ഐടിയുടെ തീരുമാനം. 2024 മാർച്ച് 18 നാണ് വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

തെരഞ്ഞെടുപ്പിൻ്റെ തൊട്ടുമുൻപാണ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ ഇടപെടലിനാണ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നത്. വടകര ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ വരുന്ന ഡിവൈഎഫ്ഐ നേതാക്കളും വടകര മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വരുന്ന സിപിഎം നേതാക്കളുമാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365680/kafir-screenshot-sit-assesses-progress-of-investigation)