---
title: "ഇതാണോ നമ്മുടെ ആരോഗ്യ സംവിധാനം? ക്യാൻസർ ബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ, അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് പരാതി"
english_title: "Elderly man's body found in Wayanad, worm-infested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365667/elderly-mans-body-found-in-wayanad-worm-infested"
published_at: "2026-06-13T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ce17129d9a_WORM.jpg"
keywords: ["Latest News", "Wayanad", "Health System", "Worm-Infested"]
---

# ഇതാണോ നമ്മുടെ ആരോഗ്യ സംവിധാനം? ക്യാൻസർ ബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ, അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് പരാതി

> **Lead Summary:** **കൽപ്പറ്റ: [ **വയനാട്ടിൽ അതീവ ദയനീയമായ സാഹചര്യത്തിൽ കാൻസർ രോഗബാധിതനായ ആദിവാസി വയോധികൻ. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയായ പണിയ വിഭാഗത്തിൽപ്പെട്ട ബോളൻ എന്ന വയോധികന്റെ ശരീരമാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കൽപ്പറ്റ: [ **വയനാട്ടിൽ അതീവ ദയനീയമായ സാഹചര്യത്തിൽ കാൻസർ രോഗബാധിതനായ ആദിവാസി വയോധികൻ. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയായ പണിയ വിഭാഗത്തിൽപ്പെട്ട ബോളൻ എന്ന വയോധികന്റെ ശരീരമാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

രോഗം മൂർച്ഛിച്ച് അതിശക്തമായ വേദന അനുഭവിക്കുന്ന ഇദ്ദേഹത്തിന് ആശുപത്രികളിൽ നിന്ന് കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി.

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളന് നൽകിയ പരിചരണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നാണ് ഉയരുന്ന പരാതി. വയോധികന് ചായ നൽകുന്നതിനിടെ ചുണ്ടിന്റെ വശങ്ങളിൽ നിന്നും മറ്റും പുഴുക്കൾ പുറത്തേക്ക് വരുന്ന ദയനീയ കാഴ്ചയാണ് കണ്ടത്.

ഈ വിവരം ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരെ അറിയിച്ചെങ്കിലും കൃത്യമായ പ്രതികരണമുണ്ടായില്ലെന്ന് കൂടെയുള്ളവർ പറയുന്നു. തുടർന്ന് നാട്ടുകാരും രാഷ്ട്രീയ സംഘടനാ പ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ പ്രതിഷേധിക്കുകയും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതോടെയാണ് മുറിവുകൾ വൃത്തിയാക്കാനും പ്രാഥമിക ചികിത്സ നൽകാനും അധികൃതർ തയ്യാറായത്.

നേരത്തെ അംബേദ്കർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന ബോളനെ, രോഗം കടുത്തതോടെ വിവിധ താലൂക്ക് ആശുപത്രികളിലും മാനന്തവാടി മെഡിക്കൽ കോളേജിലും എത്തിച്ചിരുന്നു.

വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങളായി പല ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും കൃത്യമായ പരിചരണം ലഭിച്ചില്ല.

ശാസ്ത്രീയമായ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ രോഗിക്ക് ലഭിച്ചിരുന്നുവെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഗോത്രവിഭാഗത്തിൽപ്പെട്ടവർക്ക് ആരോഗ്യ സംവിധാനങ്ങൾ എത്രത്തോളം അന്യമാണെന്ന വലിയ ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്.

നിലവിൽ മെഡിക്കൽ കോളേജിൽ കഴിയുന്ന ബോളന് അടിയന്തരമായി വിദഗ്ദ്ധ ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365667/elderly-mans-body-found-in-wayanad-worm-infested)