---
title: "വാഗ്ദാനങ്ങൾ പാഴ് വാക്കുകളായി! ചികിത്സാപ്പിഴവിനെ തുടർന്ന് കൈ നഷ്ടമായ വിനോദിനിയുടെ ധനസഹായം മുടങ്ങിയിട്ട് നാല് മാസമായെന്ന് പരാതി"
english_title: "Financial assistance to Vinodini, who lost her hand following medical treatment in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365665/financial-assistance-to-vinodini-who-lost-her-hand-following-medical-treatment-in-palakkad"
published_at: "2026-06-13T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cdf2141683_palakkdu.jpg"
keywords: ["Latest News", "Palakkadu", "Treatment Error", "Vinodini"]
---

# വാഗ്ദാനങ്ങൾ പാഴ് വാക്കുകളായി! ചികിത്സാപ്പിഴവിനെ തുടർന്ന് കൈ നഷ്ടമായ വിനോദിനിയുടെ ധനസഹായം മുടങ്ങിയിട്ട് നാല് മാസമായെന്ന് പരാതി

> **Lead Summary:** **പാലക്കാട്:[ **ആരോഗ്യ വകുപ്പിന്റെ ചികിത്സാപ്പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയതായി പരാതി.

## Article Content

**പാലക്കാട്:[ **ആരോഗ്യ വകുപ്പിന്റെ ചികിത്സാപ്പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയതായി പരാതി.

വിനോദിനിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അനുവദിച്ച പ്രതിമാസ ധനസഹായമായ 4000 രൂപ കഴിഞ്ഞ നാല് മാസമായി ലഭിക്കുന്നില്ലെന്ന് കുട്ടിയുടെ അമ്മ പ്രസീത വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമാണ് സഹായധനം ലഭിച്ചത്.

നേരത്തെ ചികിത്സാപ്പിഴവിനെ തുടർന്ന് കൈ നഷ്ടമായ വാർത്ത വലിയ ചർച്ചയായപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.

കുട്ടിയുടെ വലതുകൈ ചലിപ്പിക്കുന്നതിനായി വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച കൃത്രിമ കൈ വെച്ചുപിടിപ്പിക്കുന്നതിനുള്ള മുഴുവൻ ചിലവും അദ്ദേഹം തന്നെയാണ് വഹിച്ചത്. കൊച്ചിയിലെ 'ഹോപ്പ്' എന്ന സ്ഥാപനത്തിൽ വെച്ച് ഫെബ്രുവരിയിൽ കൃത്രിമ കൈ ഘടിപ്പിക്കുകയും ചെയ്തിരുന്നു.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ വിനോദിനിയും അമ്മ പ്രസീതയും നേരിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. കൂടാതെ, സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിനോദിനിക്ക് സ്നേഹസമ്മാനങ്ങളും അദ്ദേഹം നൽകിയിരുന്നു.

എന്നാൽ, സർക്കാർ പ്രഖ്യാപിച്ച സഹായം കൂടി മുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365665/financial-assistance-to-vinodini-who-lost-her-hand-following-medical-treatment-in-palakkad)