---
title: "പോലീസ് അല്ല കള്ളൻ! സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി കവർച്ച; തമിഴ്‌നാട്ടിൽ മുൻ പോലീസുകാരുൾപ്പെടെ ആറംഗ സംഘം പിടിയിൽ"
english_title: "Robbery in Tamil Nadu by people claiming to be CBI officials"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365659/robbery-in-tamil-nadu-by-people-claiming-to-be-cbi-officials"
published_at: "2026-06-13T09:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cd80c76cb4_robbery.jpg"
keywords: ["Latest News", "Kumali", "Robbery"]
---

# പോലീസ് അല്ല കള്ളൻ! സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി കവർച്ച; തമിഴ്‌നാട്ടിൽ മുൻ പോലീസുകാരുൾപ്പെടെ ആറംഗ സംഘം പിടിയിൽ

> **Lead Summary:** **കുമളി: [** സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടുക്കി ചിന്നക്കനാൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിൽ തമിഴ്‌നാട് സ്വദേശികളായ ആറുപേരെ പോലീസ് പിടികൂടി.

## Article Content

**കുമളി: [** സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടുക്കി ചിന്നക്കനാൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിൽ തമിഴ്‌നാട് സ്വദേശികളായ ആറുപേരെ പോലീസ് പിടികൂടി.

ദിണ്ഡിക്കൽ സ്വദേശി നാഗേന്ദ്രൻ (43), സീലയമ്പട്ടി സ്വദേശി കറുപ്പയ്യ (46), ഉസിലാമ്പട്ടി സ്വദേശികളായ രാജ്കുമാർ (45), പൊന്നുച്ചാമി (61), പെരുങ്കുമനല്ലൂർ സ്വദേശി ജോതിബാസ് (35), ഗുരുവിലാമ്പട്ടി സ്വദേശി ഭരത് (35) എന്നിവരാണ് അറസ്റ്റിലായത്.

ഇതിൽ നാഗേന്ദ്രനും പൊന്നുച്ചാമിയും തമിഴ്‌നാട് പോലീസ് സേനയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ്. കഴിഞ്ഞ ചൊവ്വാഴ്ച തേനി പഴനിചെട്ടിപ്പട്ടിയിലാണ് സംഭവം നടന്നത്. ഇഷ്ടിക, വിറക് വ്യാപാരം നടത്തുന്ന ചിന്നക്കനാൽ സ്വദേശി പെരുമാൾസാമി (47) ആണ് തട്ടിപ്പിനിരയായത്.

സുഹൃത്തിനെ കാണാൻ നിൽക്കുകയായിരുന്ന പെരുമാൾസാമിയുടെ അടുത്തേക്ക് കാറിലെത്തിയ സംഘം, തങ്ങൾ സി.ബി.ഐ ഉദ്യോഗസ്ഥരാണെന്നും ചോദ്യം ചെയ്യലിനായി കൂടെ വരണമെന്നും ആവശ്യപ്പെട്ടു.

കാറിൽ കയറിയ ശേഷം വഴിമധ്യേ മറ്റ് മൂന്നുപേർ കൂടി വാഹനത്തിൽ കയറി. തുടർന്ന് പെരുമാൾസാമിയുടെ കൈവശമുണ്ടായിരുന്ന 2.63 ലക്ഷം രൂപയും, ഒരു പവൻ സ്വർണമാലയും, ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണുകളും ബലമായി പിടിച്ചുവാങ്ങി ഇയാളെ തേനി-കൂനൂർ ടോൾ ഗേറ്റിൽ ഇറക്കിവിട്ടു.

പെരുമാൾസാമിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കറുപ്പയ്യയ്ക്ക് പെരുമാൾസാമിയുമായി നേരത്തെ പരിചയമുണ്ടായിരുന്നു, ഈ ബന്ധം ഉപയോഗിച്ചാണ് ഇവർ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

അറസ്റ്റിലായ മുൻ പോലീസുകാരായ നാഗേന്ദ്രനും പൊന്നുച്ചാമിയും നേരത്തെ പല കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടതിനാലാണ് സർവീസിൽ നിന്ന് പുറത്തായത്. ഇവർ ഇറിഡിയം തട്ടിപ്പുസംഘത്തിലും സജീവമാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365659/robbery-in-tamil-nadu-by-people-claiming-to-be-cbi-officials)