---
title: "ലോകകപ്പിൽ യുഎസ്എയുടെ ഗോളടിമേളം; പരാഗ്വായെ നാല് ഗോളിന് തകർത്ത് യുഎസ്എയ്ക്ക് തകർപ്പൻ തുടക്കം!"
english_title: "USA Paraguay match in world cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365655/usa-paraguay-match-in-world-cup"
published_at: "2026-06-13T09:18:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cd3d5bc0be_usa_paraguay.jpg"
keywords: ["Latest News", "Fifa World Cup 2026", "Usa-Praguay Match", "Los Angeles"]
---

# ലോകകപ്പിൽ യുഎസ്എയുടെ ഗോളടിമേളം; പരാഗ്വായെ നാല് ഗോളിന് തകർത്ത് യുഎസ്എയ്ക്ക് തകർപ്പൻ തുടക്കം!

> **Lead Summary:** **ലോസ് ഏഞ്ചൽസ്: [** 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ആതിഥേയരായ യുഎസ്എക്ക് കിടിലൻ തുടക്കം. പരാഗ്വയ്‌ക്കെതിരെ 4-1 എന്ന സ്‌കോറിന് ആധികാരിക വിജയം സ്വന്തമാക്കിയാണ് അമേരിക്കൻ പട തങ്ങളുടെ വരവറിയിച്ചത്.

## Article Content

**ലോസ് ഏഞ്ചൽസ്: [** 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ആതിഥേയരായ യുഎസ്എക്ക് കിടിലൻ തുടക്കം. പരാഗ്വയ്‌ക്കെതിരെ 4-1 എന്ന സ്‌കോറിന് ആധികാരിക വിജയം സ്വന്തമാക്കിയാണ് അമേരിക്കൻ പട തങ്ങളുടെ വരവറിയിച്ചത്.

കളിയിലുടനീളം ആധിപത്യം പുലർത്തിയ യുഎസ്എ, തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. കളിയുടെ ഏഴാം മിനിറ്റിൽ തന്നെ പരാഗ്വായുടെ ഡാമിയൻ ബോബെഡില്ലയുടെ സെൽഫ് ഗോളിലൂടെ യുഎസ്എ അക്കൗണ്ട് തുറന്നു.

തുടർന്ന് ഗോൾവേട്ടയിലേക്ക് കടന്ന ആതിഥേയർക്കായി ഫോലെരിൻ ബലോഗൺ ഇരട്ട ഗോളുകൾ നേടി തിളങ്ങി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ വ്യക്തമായ ലീഡ് നേടാൻ യുഎസ്എക്ക് സാധിച്ചു.

രണ്ടാം പകുതിയിൽ എഴുപത്തിമൂന്നാം മിനിറ്റിൽ മൗറീഷ്യയോയിലൂടെ പരാഗ്വ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷം ജിയോവാനി റെയ്‌നയിലൂടെ നാലാം ഗോളും നേടി അമേരിക്ക വിജയം പൂർത്തിയാക്കി.

അർജന്റീനയെയും ബ്രസീലിനെയും തോൽപിച്ച് വന്ന പരാഗ്വയ്‌ക്കെതിരെ, പരിശീലകൻ മൗറീസിയോ പോച്ചട്ടീനോയുടെ തന്ത്രങ്ങൾ ഗംഭീരമായി ക്ലിക്കായി. വിങ്ങുകളിലൂടെയുള്ള വേഗതയേറിയ നീക്കങ്ങളും ഒത്തിണക്കമുള്ള മുന്നേറ്റങ്ങളും പരാഗ്വൻ പ്രതിരോധത്തെ വട്ടംകറക്കി.

പ്രതിരോധത്തിൽ മാത്രം ശ്രദ്ധിക്കാതെ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടതാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയത്തിലേക്ക് യുഎസ്എയെ എത്തിച്ചത്. ഈ വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ വ്യക്തമായ മേധാവിത്വം യുഎസ്എ ഉറപ്പിച്ചു.

ജൂൺ 20-ന് ഓസ്‌ട്രേലിയയുമായും, ജൂൺ 26-ന് തുർക്കിയുമായും ആണ് അമേരിക്കയുടെ അടുത്ത മത്സരങ്ങൾ. തങ്ങളുടെ ഹോം ടൂർണമെന്റിൽ മികച്ച തുടക്കം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ യുഎസ്എ ടീം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365655/usa-paraguay-match-in-world-cup)