---
title: "മഴക്കാലത്ത് പടരുന്ന വൈറൽ പനി; പേടിക്കേണ്ട, കരുതൽ മതി; വേഗത്തിൽ സുഖം പ്രാപിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
english_title: "Things to keep in mind to recover from viral fever"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365605/things-to-keep-in-mind-to-recover-from-viral-fever"
published_at: "2026-06-12T17:34:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bf675d243a_FEVER.jpg"
keywords: ["Latest News", "Health News", "Viral Fever", "Precaution"]
---

# മഴക്കാലത്ത് പടരുന്ന വൈറൽ പനി; പേടിക്കേണ്ട, കരുതൽ മതി; വേഗത്തിൽ സുഖം പ്രാപിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

> **Lead Summary:** **[**മഴക്കാലം കനക്കുന്നതോടെ സംസ്ഥാനത്ത് വൈറൽ പനി പടർന്നുപിടിക്കുന്നത് സാധാരണമാണ്. ശരീരത്തെ ബാധിക്കുന്ന വിവിധതരം വൈറസ് അണുബാധകൾ മൂലമുണ്ടാകുന്ന ഇത്തരം പനികൾ പ്രധാനമായും വായുവിലൂടെയാണ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.

## Article Content

**[**മഴക്കാലം കനക്കുന്നതോടെ സംസ്ഥാനത്ത് വൈറൽ പനി പടർന്നുപിടിക്കുന്നത് സാധാരണമാണ്. ശരീരത്തെ ബാധിക്കുന്ന വിവിധതരം വൈറസ് അണുബാധകൾ മൂലമുണ്ടാകുന്ന ഇത്തരം പനികൾ പ്രധാനമായും വായുവിലൂടെയാണ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.

ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, കടുത്ത ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് വൈറൽ പനിയുടെ പ്രധാന ലക്ഷണങ്ങൾ. വ്യക്തിശുചിത്വം പാലിക്കുക, പരിസരങ്ങളിലെ മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യുക, ശുദ്ധജലം മാത്രം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, യഥാസമയം പ്രതിരോധ വാക്സിനുകൾ സ്വീകരിക്കുക എന്നിവയിലൂടെ ഒരു പരിധി വരെ വൈറൽ പനിയെ പ്രതിരോധിക്കാൻ സാധിക്കും.

വൈറൽ പനി ബാധിച്ചാൽ ഭയപ്പെടേണ്ടതില്ലെന്നും, വായുസഞ്ചാരമുള്ള മുറിയിൽ പൂർണ്ണ വിശ്രമം എടുക്കുന്നതിലൂടെയും ലഘുഭക്ഷണം ശീലമാക്കുന്നതിലൂടെയും ഇത് എളുപ്പത്തിൽ മാറ്റിയെടുക്കാമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

പനി കൂടുമ്പോൾ നനഞ്ഞ തുണികൊണ്ട് ശരീരം മുഴുവൻ തുടയ്ക്കുന്നതും നെറ്റിയിലും വയറ്റിലും നനഞ്ഞ തുണിയിടുന്നതും താപനില കുറയ്ക്കാൻ സഹായിക്കും. പനി ബാധിച്ചാൽ രോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

മതിയായ വിശ്രമവും ജലാംശം നിലനിർത്തലും: വൈറൽ പനിയിൽ നിന്നും വേഗത്തിൽ മുക്തി നേടാൻ പൂർണ്ണമായ വിശ്രമം അത്യാവശ്യമാണ്. പനി കാരണം ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം, ഒ.ആർ.എസ് (ORS) ലായനി, കഞ്ഞിവെള്ളം, വിവിധതരം സൂപ്പുകൾ എന്നിവ കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം.

ഇത് പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കാനും സഹായിക്കും. പോഷകസമൃദ്ധമായ ആഹാരം: രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാൻ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ടതുണ്ട്.

ദഹിക്കാൻ എളുപ്പമുള്ള പഴങ്ങൾ,പച്ചക്കറികൾ, ചൂടുള്ള സൂപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആവി പിടിക്കലും കവിൾക്കൊള്ളലും: ജലദോഷവും മൂക്കടപ്പും മാറാൻ ദിവസത്തിൽ ഒന്നോ രണ്ടോ തവണ ആവി പിടിക്കുന്നത് നല്ലതാണ്.

ചൂടുവെള്ളത്തിൽ കുറച്ച് തുള്ളി യൂക്കാലിപ്റ്റസ് ഓയിൽ ചേർക്കുന്നത് കൂടുതൽ ആശ്വാസം നൽകും. കൂടാതെ കടുത്ത തൊണ്ടവേദനയുള്ളവർ ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ഇടയ്ക്കിടെ തൊണ്ട കുലുക്കുഴിയുന്നത് (ഗാർഗ്ലിങ്) അസ്വസ്ഥതകൾ ശമിപ്പിക്കും.

പ്രതിരോധ വാക്സിനുകൾ: ഇൻഫ്ലുവൻസ, അഞ്ചാംപനി തുടങ്ങിയ മാരക വൈറൽ അണുബാധകളിൽ നിന്നും മുൻകൂട്ടി സംരക്ഷണം നേടാൻ കൃത്യസമയത്ത് പ്രതിരോധ വാക്സിനുകൾ സ്വീകരിക്കുന്നത് ഉചിതമാണ്.

വൈദ്യസഹായം തേടുക: സാധാരണ പനി കുറച്ചു ദിവസത്തെ വിശ്രമം കൊണ്ട് മാറുമെങ്കിലും, പനി അമിതമായി കൂടുകയോ മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയോ ചെയ്താൽ സ്വയംചികിത്സ ഒഴിവാക്കി ഉടനടി ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

ലക്ഷണങ്ങൾ കഠിനമായാൽ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നൽകാതിരിക്കാൻ ഇത് സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365605/things-to-keep-in-mind-to-recover-from-viral-fever)