---
title: "'പിണറായിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ എനിക്കാവില്ല, തല വെട്ടേണ്ടി വന്നാലും ആർ എസ് എസിന് മുന്നിൽ തലകുനിക്കില്ല' -  ഇന്ത്യ സഖ്യ യോഗത്തിൽ തുറന്നുപറഞ്ഞ് രാഹുൽ"
english_title: "India Alliance meeting, Rahul Gandhi's speech"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365604/india-alliance-meeting-rahul-gandhis-speech"
published_at: "2026-06-12T17:29:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bf4ddb12d8_rahul.jpg"
keywords: ["India Alliance meeting", "Rahul Gandhi's speech", "Rahul Gandhi", "PinarayiVijayan"]
---

# 'പിണറായിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ എനിക്കാവില്ല, തല വെട്ടേണ്ടി വന്നാലും ആർ എസ് എസിന് മുന്നിൽ തലകുനിക്കില്ല' -  ഇന്ത്യ സഖ്യ യോഗത്തിൽ തുറന്നുപറഞ്ഞ് രാഹുൽ

> **Lead Summary:** **ദില്ലി: **ഇന്ത്യ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട് കോൺഗ്രസ്.

## Article Content

**ദില്ലി: **ഇന്ത്യ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട് കോൺഗ്രസ്.

നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനിൽക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ ആവർത്തിച്ചു വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്മയെ തകർക്കാനും ദുർബലമാക്കാനും സർക്കാർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും, എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാൻ സഖ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സഖ്യത്തിലെ മറ്റ് പാർട്ടികൾ കോൺഗ്രസിനെതിരെ ഉന്നയിക്കുന്ന എല്ലാ വിമർശനങ്ങളെയും പൂർണ്ണ സന്തോഷത്തോടെയും പുഞ്ചിരിയോടെയും സ്വീകരിക്കാൻ താൻ തയ്യാറാണെന്നും, സഖ്യത്തെ ഒന്നിപ്പിച്ചു നിർത്തുകയെന്നതാണ് കോൺഗ്രസിന്റെ പ്രധാന ചുമതലയെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യത്തിലെ പല പ്രമുഖ നേതാക്കൾക്കും തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയെക്കുറിച്ചോ അട്ടിമറിയെക്കുറിച്ചോ ഇപ്പോഴും നൂറ് ശതമാനം ഉറപ്പില്ലെങ്കിലും തനിക്ക് അതിൽ പൂർണ്ണ ഉറപ്പുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് തന്റെ സംസ്ഥാനത്ത് വോട്ട് ചോർന്നതിൽ 90 ശതമാനം മാത്രമാണ് സംശയമുള്ളത്. ഉദ്ധവ് താക്കറെയ്ക്കും തേജസ്വി യാദവിനും 40 ശതമാനം വീതമേ സംശയമുള്ളൂ. എന്നാൽ രാജ്യത്ത് ഇലക്ഷൻ പൂർണ്ണമായും അട്ടിമറിക്കപ്പെടുന്നുണ്ടെന്നും അതിൽ ആർക്കും സംശയം വേണ്ടെന്നും രാഹുൽ പറഞ്ഞു.

പരമ്പരാഗതമായ പഴയ രാഷ്ട്രീയ ശൈലികൾ ഇനി വിജയിക്കില്ലെന്ന് സമാജവാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) തുടങ്ങിയ കക്ഷികൾ മനസ്സിലാക്കണമെന്നും, ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ബി ജെ പിക്ക് അനുകൂലമായാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി പ്രസംഗത്തിൽ തുറന്നുപറഞ്ഞു. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അതിന് താൻ തയ്യാറല്ലെന്നും രാഹുൽ വ്യക്തമാക്കി.

അദ്ദേഹവുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർ എസ് എസിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ വീക്ഷണങ്ങളോട് കോൺഗ്രസ് പൂർണ്ണമായും വിയോജിക്കുന്നു. തല വെട്ടേണ്ടി വന്നാലും കോൺഗ്രസ് പ്രവർത്തകർ ആർ എസ് എസിന് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365604/india-alliance-meeting-rahul-gandhis-speech)