---
title: "ഇനി ചേനത്തണ്ട് കളയേണ്ട; ചെറുപയറിനൊപ്പം ഇങ്ങനെ തോരൻ വെച്ചു നോക്കൂ; ചോറുണ്ണാൻ മറ്റൊന്നും വേണ്ട!"
english_title: "Kerala Style Chena Thandu Thoran Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365603/kerala-style-chena-thandu-thoran-recipe"
published_at: "2026-06-12T17:26:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bf4d98483c_Kerala_Style_Chena_Thandu_Thoran_Recipe.jpg"
keywords: ["Cookry", "Chenathandu Thoran", "Kerala Recipes"]
---

# ഇനി ചേനത്തണ്ട് കളയേണ്ട; ചെറുപയറിനൊപ്പം ഇങ്ങനെ തോരൻ വെച്ചു നോക്കൂ; ചോറുണ്ണാൻ മറ്റൊന്നും വേണ്ട!

> **Lead Summary:** നാട്ടുരുചിയുടെ സ്വാദും ഗുണവും ഒത്തുചേരുന്ന ഒരു നാടൻ വിഭവമാണ് ചേനാത്തണ്ടും ചെറുപയറും തോരൻ. സാധാരണയായി നമ്മൾ കളയാറുള്ള ചേനയുടെ തണ്ട് പോഷകഗുണങ്ങളേറെയുള്ള ചെറുപയറിനൊപ്പം ചേർത്ത് വെയ്ക്കുന്ന ഈ തോരൻ ചോറിനൊപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു കൂട്ടാണ്. എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ പരമ്പരാഗത വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

## Article Content

നാട്ടുരുചിയുടെ സ്വാദും ഗുണവും ഒത്തുചേരുന്ന ഒരു നാടൻ വിഭവമാണ് ചേനാത്തണ്ടും ചെറുപയറും തോരൻ. സാധാരണയായി നമ്മൾ കളയാറുള്ള ചേനയുടെ തണ്ട് പോഷകഗുണങ്ങളേറെയുള്ള ചെറുപയറിനൊപ്പം ചേർത്ത് വെയ്ക്കുന്ന ഈ തോരൻ ചോറിനൊപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു കൂട്ടാണ്. എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ പരമ്പരാഗത വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

ചേരുവകൾ

അരിഞ്ഞ ചേനാത്തണ്ട് - 1 കപ്പ്

ചെറുപയർ (കുതിർത്തത്) - 1 കപ്പ്

ചിരകിയ തേങ്ങ - 1 കപ്പ്

പച്ചമുളക് - 3 എണ്ണം

മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ

വെളുത്തുള്ളി - 4 അല്ലി

ജീരകം - 1 ടീസ്പൂൺ

കടുക് - ½ ടീസ്പൂൺ

ഉഴുന്ന് - 1 ടീസ്പൂൺ

വറ്റൽ മുളക് - 4 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഈ വിഭവം തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാനിൽ മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ ചൂടായ ശേഷം കടുക്, ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ, കുതിർത്തു വെച്ചിരിക്കുന്ന ചെറുപയറും അരിഞ്ഞ ചേനാത്തണ്ടും ഇതിലേക്ക് ചേർക്കാം. തുടർന്ന് മഞ്ഞൾപ്പൊടിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേർക്കുക. പാത്രം മൂടിവെച്ച് കുറച്ചു സമയം നന്നായി വേവിക്കുക.

ഇതിനിടയിൽ തേങ്ങ, പച്ചമുളക്, ജീരകം, വെളുത്തുള്ളി എന്നിവ ചേർത്ത് ചതച്ചെടുത്ത അരപ്പ് തയ്യാറാക്കുക. പാനിലെ വെള്ളം വറ്റി ചെറുപയറും ചേനാത്തണ്ടും വെന്തു വരുമ്പോൾ ഈ തേങ്ങ അരപ്പ് മുകളിലേക്ക് ചേർക്കുക. വീണ്ടും പാത്രം മൂടിവെച്ച് ചെറിയ തീയിൽ കുറച്ചു സമയം കൂടി വേവിക്കുക. വെള്ളം പൂർണ്ണമായും വറ്റിയ ശേഷം എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ ചേനാത്തണ്ടും ചെറുപയറും തോരൻ ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365603/kerala-style-chena-thandu-thoran-recipe)