---
title: "അടുത്തത് എന്റെ ഊഴം! വിശ്വസിച്ച് ഏൽപ്പിച്ച 18 വയസ്സുകാരിയെ പാർക്കിലിട്ട് പീഡിപ്പിച്ചു; പാകിസ്ഥാൻ സ്വദേശിക്ക് യുകെയിൽ 10 വർഷം കഠിനതടവ്"
english_title: "UK teen rape case , Pakistani national sentenced to 10 years of rigorous imprisonment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365590/uk-teen-rape-case-pakistani-national-sentenced-to-10-years-of-rigorous-imprisonment"
published_at: "2026-06-12T16:47:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bec06c2f71_UK_teen_rape_case.jpg"
keywords: ["Latest News", "UK Crime", "Sheraz Malik", "Rape Case", "UK Police"]
---

# അടുത്തത് എന്റെ ഊഴം! വിശ്വസിച്ച് ഏൽപ്പിച്ച 18 വയസ്സുകാരിയെ പാർക്കിലിട്ട് പീഡിപ്പിച്ചു; പാകിസ്ഥാൻ സ്വദേശിക്ക് യുകെയിൽ 10 വർഷം കഠിനതടവ്

> **Lead Summary:** ലണ്ടൻ: ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷയറിൽ 18 വയസ്സുകാരിയെ പാർക്കിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ പാകിസ്ഥാൻ സ്വദേശിക്ക് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാൻ പൗരനും അഭയാർഥിയുമായ ഷെറാസ് മാലിക്കിനാണ് ബിർമിംഗ്ഹാം ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. 10 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് പുറമെ, ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം നാല് വർഷത്തെ കർശന നിരീക്ഷണവും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജയിൽ മോചിതനാകുന്നതോടെ ഇയാളെ നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ.

## Article Content

ലണ്ടൻ: ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷയറിൽ 18 വയസ്സുകാരിയെ പാർക്കിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ പാകിസ്ഥാൻ സ്വദേശിക്ക് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാൻ പൗരനും അഭയാർഥിയുമായ ഷെറാസ് മാലിക്കിനാണ് ബിർമിംഗ്ഹാം ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. 10 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് പുറമെ, ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം നാല് വർഷത്തെ കർശന നിരീക്ഷണവും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജയിൽ മോചിതനാകുന്നതോടെ ഇയാളെ നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ.

2025 ജൂണിൽ നോട്ടിംഗ്ഹാംഷെയറിലെ ഒരു പാർക്കിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. മാലിക്കിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് തൊട്ടുപിന്നാലെയാണ് 28 കാരനായ ഷെറാസ് മാലിക് സ്ത്രീയെ ആക്രമിച്ചതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. ആക്രമണത്തിനിരയായ പെൺകുട്ടി അതീവ ദുർബലയായ സാഹചര്യത്തിലായിരുന്നുവെന്ന് കോടതിയും നിരീക്ഷിച്ചു.

കൂട്ടുകാരനുമൊത്ത് പാർക്കിലെത്തിയതായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ സുഹൃത്ത് മറ്റൊരാളെ കാണാനായി പുറത്തുപോയ സമയത്ത്, പെൺകുട്ടിയെ നോക്കണമെന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന മാലിക്കിന്റെയും സുഹൃത്തുക്കളുടേയും അടുത്ത് ഏൽപ്പിച്ചു.ഈ അവസരം മുതലെടുത്ത് കൂട്ടത്തിലൊരാൾ പെൺകുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി ആദ്യം ബലാത്സംഗം ചെയ്തു. ഇതിന് പിന്നാലെയാണ് മാലിക് തന്റെ ഊഴമാണെന്ന് പറഞ്ഞ് പെൺകുട്ടിയെ മറ്റൊരു വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചത്. ഈ കേസിലെ ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന മാലിക്കിന്റെ വാദങ്ങൾ കോടതി പൂർണ്ണമായും തള്ളി. പെൺകുട്ടി അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമുണ്ടായിട്ടും മാലിക് അവളെ ആക്രമിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അര്‍ധബോധാവസ്ഥയിലും അവള്‍ മാലിക്കിനെ എതിര്‍ക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ മുഖത്തും തലയിലും മാലിക് ക്രൂരമായി അടിച്ചു.

പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടുമുട്ടുന്ന സമയത്ത് താൻ ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്നും , പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നും പ്രതി പറഞ്ഞുവെങ്കിലും കോടതി ഇത് തള്ളി. പ്രതിക്ക് സ്ത്രീകളോട് മോശം മനോഭാവമാണുള്ളതെന്നും ചെയ്ത തെറ്റിൽ യാതൊരുവിധ പശ്ചാത്താപവും പ്രകടിപ്പിക്കാത്തതിനാൽ സമൂഹത്തിന് വലിയൊരു ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.

18 വയസുമാത്രമുള്ള പെൺകുട്ടി മദ്യലഹരിയിലാണെന്ന് പോലും പരിഗണിക്കാതെയാണ് പീഡനം നടന്നതെന്ന് കോടതി നീരീക്ഷിച്ചു. പെൺകുട്ടിയെ ആക്രമിച്ചതിന് ശേഷം മോശമായ രീതിയിലുള്ള പദപ്രയോഗം നടത്തി. എതിർക്കാൻ ശ്രമിച്ചപ്പോൾ മുഖത്തും തലയിലും അടിച്ചു. പീഡന ശേഷം നിനക്കിത് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചെന്നും കോടതി കണ്ടെത്തി. മാലിക്ക് പൊതുജനങ്ങൾക്ക് ഭീഷണിയാണെന്ന് കോടതി വിധി പ്രസ്താവനയിൽ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365590/uk-teen-rape-case-pakistani-national-sentenced-to-10-years-of-rigorous-imprisonment)