---
title: "ഈ സ്റ്റിക്കർ നോക്കി കയറിയാൽ മതി; 3125 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തിങ്കളാഴ്ച മുതൽ"
english_title: "Free travel for women in KSRTC buses from Monday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365587/free-travel-for-women-in-ksrtc-buses-from-monday"
published_at: "2026-06-12T16:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224941b13d5_KSRTC.jpg"
keywords: ["LATEST NEWS", "KSRTC", "Free travel"]
---

# ഈ സ്റ്റിക്കർ നോക്കി കയറിയാൽ മതി; 3125 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തിങ്കളാഴ്ച മുതൽ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതി ജൂൺ 15 മുതൽ യാഥാർഥ്യമാകും. സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയാൻ പ്രത്യേക 'പ്രിയദർശിനി' സ്റ്റിക്കറുകൾ ഒട്ടിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതി ജൂൺ 15 മുതൽ യാഥാർഥ്യമാകും. സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയാൻ പ്രത്യേക 'പ്രിയദർശിനി' സ്റ്റിക്കറുകൾ ഒട്ടിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജൂൺ 15 തിങ്കളാഴ്ച രാവിലെ 8.30-ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ ആദ്യ സർവീസ് നിയന്ത്രിക്കുന്നത് വനിതാ ഡ്രൈവറും കണ്ടക്ടറുമായിരിക്കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ 8.30 മുതലായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.

**പദ്ധതിയുടെ പ്രധാന വിവരങ്ങൾ:**

**ഏതൊക്കെ ബസുകളിൽ സൗജന്യം?**: ടൗൺ ടു ടൗൺ ഉൾപ്പെടെ 'ഓർഡിനറി' എന്ന് എഴുതിയ എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ സിറ്റി ഫാസ്റ്റ് ബസുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല.

**കാർഡുകളോ രജിസ്ട്രേഷനോ വേണ്ട: **യാത്രാ സൗജന്യം ലഭിക്കുന്നതിനായി പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. എല്ലാ സ്ത്രീകൾക്കും നേരിട്ട് സൗജന്യമായി യാത്ര ചെയ്യാം.

**സീറോ ടിക്കറ്റ് നൽകും:** യാത്രക്കാരായ സ്ത്രീകളുടെ കൃത്യമായ എണ്ണവും ചെലവും കണക്കാക്കാൻ എല്ലാവർക്കും 'സീറോ വാല്യൂ' (തുകയില്ലാത്ത) ടിക്കറ്റുകൾ കണ്ടക്ടർമാർ വിതരണം ചെയ്യും.

**സർക്കാർ ധനസഹായം: **പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കെഎസ്ആർടിസി വഹിക്കേണ്ടതില്ല. ഇതിനായി പ്രതിദിനം വേണ്ടിവരുന്ന ഏകദേശം രണ്ട് കോടിയിലധികം രൂപ സർക്കാർ ഗ്രാന്റായി കെഎസ്ആർടിസിക്ക് നൽകും.

ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയെ വെറുമൊരു ലാഭനഷ്ടക്കണക്കായി കാണരുതെന്നും, സ്ത്രീകൾ യാത്രാക്കൂലി ഇനത്തിൽ മിച്ചം പിടിക്കുന്ന പണം വിപണിയിലേക്ക് തന്നെ തിരിച്ചെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന് വലിയ നേട്ടമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടിക്കറ്റിതര വരുമാനവും പുതിയ പരിഷ്കാരങ്ങളും:

കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ബസുകളിൽ പരസ്യങ്ങൾ കൂട്ടാനും സ്പോൺസർഷിപ്പ് സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള 58 ഗ്രാമവണ്ടികളുടെ എണ്ണം 500 ആയി ഉയർത്തും. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് റൂട്ട് റിസർച്ച് നടത്തി പുതിയ സർവീസുകൾ ആരംഭിക്കും.

സ്വകാര്യ ബസ് ഉടമകളോട് സർക്കാരിന് യാതൊരു ശത്രുതയുമില്ലെന്നും അവരുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പത്ത് വർഷം മുൻപ് 30,000 ഉണ്ടായിരുന്ന സ്വകാര്യ ബസുകൾ ഇപ്പോൾ പതിനായിരത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ടെന്നും അവരെ സംരക്ഷിക്കുന്ന നിലപാടായിരിക്കും സർക്കാരിന്റേതെന്നും മന്ത്രി അറിയിച്ചു. തീരദേശ/മലയോര മേഖലകളിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ട്രക്കുകളുടെ പുകപരിശോധന കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365587/free-travel-for-women-in-ksrtc-buses-from-monday)