---
title: "മഴക്കാലത്ത് ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം - കെഎസ്ഇബി മുന്നറിയിപ്പ് "
english_title: "Be careful and stay safe during the rainy season - KSEB warns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365569/be-careful-and-stay-safe-during-the-rainy-season-kseb-warns"
published_at: "2026-06-12T15:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bd8d21098f_KSEB.jpg"
keywords: ["KSEB", "KSEB Warns", "Rainy Season"]
---

# മഴക്കാലത്ത് ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം - കെഎസ്ഇബി മുന്നറിയിപ്പ് 

> **Lead Summary:** **തിരുവനന്തപുരം: **മഴക്കാലത്ത് അപകടങ്ങൾ സംഭവിക്കാതിരിക്കാൻജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം എന്ന് കെഎസ്ഇബി മുന്നറിയിപ്പ്. കേരളത്തില്‍ വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **മഴക്കാലത്ത് അപകടങ്ങൾ സംഭവിക്കാതിരിക്കാൻജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം എന്ന് കെഎസ്ഇബി മുന്നറിയിപ്പ്. കേരളത്തില്‍ വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകളില്‍ വീഴാനും അത് വഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. അതിരാവിലെ പത്രവിതരണത്തിനും പാൽ വിതരണത്തിനും റബ്ബര്‍ ടാപ്പിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്. വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ അസ്വാഭാവികമായി താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു കാരണവശാലും അവയുടെ സമീപത്തേക്ക് പോകരുത്.

ലൈനുകളില്‍ സ്പര്‍ശിക്കാനോ അവ നീക്കാന്‍ ശ്രമിക്കാനോ പാടില്ല. പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പിയില്‍ മാത്രമല്ല, അതിന്റെ സമീപ പ്രദേശങ്ങളിലും വൈദ്യുത പ്രവാഹമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണം. പൊട്ടിയ വൈദ്യുതി ലൈന്‍ വെള്ളത്തില്‍ വീണുകിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പർശിക്കരുത്.

ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സമീപത്തെ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ കെ.എസ്.ഇ.ബിയുടെ അടിയന്തര സഹായ നമ്പറായ 94 96 01 01 01-ലോ വിവരം അറിയിക്കണം.

വൈദ്യുതി ലൈന്‍ അപകടാവസ്ഥയില്‍ കാണുകയാണെങ്കില്‍ അതിന്റെ സമീപത്തേക്ക് ആരെയും പോകാന്‍ അനുവദിക്കരുത്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ സ്ഥലത്തെത്തി സുരക്ഷിതമാക്കുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

പൊട്ടിയ വൈദ്യുതി ലൈനില്‍ തട്ടി ആര്‍ക്കെങ്കിലും വൈദ്യുതാഘാതമേല്‍ക്കുകയാണെങ്കില്‍, അപകടത്തില്‍പ്പെട്ട വ്യക്തിയെ നേരിട്ട് സ്പര്‍ശിക്കരുത്. പകരം ഉണങ്ങിയ മുളയോ മരക്കമ്പോ പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തു ഉപയോഗിച്ച് ലൈനില്‍ നിന്ന് മാറ്റി, പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എത്രയും വേഗം സമീപത്തെ ആശുപത്രിയിലെത്തിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365569/be-careful-and-stay-safe-during-the-rainy-season-kseb-warns)