---
title: "കപ്പ് അടിക്കുന്നത് മെസ്സിയോ നെയ്മറോ അല്ല, കാശ് അടിച്ചുമാറ്റുന്ന ഫിഫയാണ്! അമേരിക്കയിൽ ആരാധകരുടെ പോക്കറ്റ് കീറാൻ 'തീവില'"
english_title: "Food and drinks are overpriced at FIFA World Cup stadiums"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365554/food-and-drinks-are-overpriced-at-fifa-world-cup-stadiums"
published_at: "2026-06-12T14:49:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bcf6e440fe_CVBFHGJN.jpg"
keywords: ["sports", "MINERAL WATER", "BEER", "FIFA 2026"]
---

# കപ്പ് അടിക്കുന്നത് മെസ്സിയോ നെയ്മറോ അല്ല, കാശ് അടിച്ചുമാറ്റുന്ന ഫിഫയാണ്! അമേരിക്കയിൽ ആരാധകരുടെ പോക്കറ്റ് കീറാൻ 'തീവില'

> **Lead Summary:** ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കളി കാണാനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ടുകൾ. ടിക്കറ്റ് നിരക്കിന് പുറമെ സ്റ്റേഡിയങ്ങളിലെ ഭക്ഷണ-പാനീയങ്ങളുടെ അമിതവിലയാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

## Article Content

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കളി കാണാനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ടുകൾ. ടിക്കറ്റ് നിരക്കിന് പുറമെ സ്റ്റേഡിയങ്ങളിലെ ഭക്ഷണ-പാനീയങ്ങളുടെ അമിതവിലയാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

അടുത്തിടെ ഫ്ലോറിഡയിൽ നടന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് സന്നാഹ മത്സരമാണ് വരാനിരിക്കുന്ന വലിയ ചെലവുകളുടെ നേർച്ചിത്രം ആരാധകർക്ക് കാണിച്ചുകൊടുത്തത്.

 ഫ്ലോറിഡയിലെ സ്റ്റേഡിയത്തിൽ ഒരു ലാർജ് ഡൊമസ്റ്റിക് ബിയറിന് 16.75 ഡോളറും (ഏകദേശം 1,608 രൂപ), പ്രീമിയം ബിയറിന് 18 ഡോളറുമാണ് (1,728 രൂപ) ഈടാക്കിയത്. ലണ്ടനിൽ പോലും ഇത്രയും വിലയില്ലെന്നും, പോരാത്തതിന് തണുപ്പ് പോയ കാൻ ബിയറുകളാണ് ഈ വിലയ്ക്ക് വിറ്റതെന്നും ആരാധകർ പറയുന്നു.

 മദ്യം വേണ്ടെന്ന് വെച്ച് ഒരു കുപ്പി പച്ചവെള്ളം വാങ്ങിയാൽ പോലും 8.75 ഡോളർ (840 രൂപ) നൽകേണ്ട അവസ്ഥയാണ്. മാധ്യമപ്രവർത്തകനായ മൈക്ക് കീഗൻ ഈ മെനു കാർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഫിഫയ്ക്കും സംഘാടകർക്കുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ലോകകപ്പ് ഒരു വലിയ 'പണപ്പിരിവ്' ആയി മാറുകയാണെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു.

മെക്സിക്കോയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ 3,000 ഡോളർ (2,88,000 രൂപ) മുതൽ 10,000 ഡോളർ (9,60,000 രൂപ) വരെയാണ് എത്തിനിൽക്കുന്നത്.

ഫിഫയുടെ ടിക്കറ്റ് വിൽപന രീതികളെക്കുറിച്ച് ഇതിനകം തന്നെ ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും പ്രോസിക്യൂട്ടർമാർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്രിമമായി ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് ഫിഫ വില വർദ്ധിപ്പിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഖത്തർ ലോകകപ്പിലെ മദ്യനിരോധനത്തിന് ശേഷം, ഇത്തവണ അമേരിക്കയിൽ വലിയ ആഘോഷം പ്രതീക്ഷിച്ചെത്തുന്ന കായികപ്രേമികൾക്ക് കനത്ത തിരിച്ചടിയാണ് ഈ 'തീവില'.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365554/food-and-drinks-are-overpriced-at-fifa-world-cup-stadiums)