---
title: "തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയാഭ അന്തരിച്ചു; മൂന്ന് വർഷമായി കോമയിലായിരുന്നു"
english_title: "Princess Bajrakitiyabha of Thailand passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365492/princess-bajrakitiyabha-of-thailand-passes-away"
published_at: "2026-06-12T12:11:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2baa63b9e80_jjjkb.jpg"
keywords: ["latest news", "Princess Bajrakitiyabha", "Thailand"]
---

# തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയാഭ അന്തരിച്ചു; മൂന്ന് വർഷമായി കോമയിലായിരുന്നു

> **Lead Summary:** ബാങ്കോക്ക്: [https://truevisionnews.com/)] തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്കോണിന്റെ മൂത്ത മകളായ ബജ്രകിതിയാഭ നരേന്ദിര ദേബ്യാവതി രാജകുമാരി അന്തരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി കോമയിലായിരുന്ന രാജകുമാരി വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ തായ് രാജകൊട്ടാരം മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടു.

## Article Content

ബാങ്കോക്ക്: [https://truevisionnews.com/)] തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്കോണിന്റെ മൂത്ത മകളായ ബജ്രകിതിയാഭ നരേന്ദിര ദേബ്യാവതി രാജകുമാരി അന്തരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി കോമയിലായിരുന്ന രാജകുമാരി വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ തായ് രാജകൊട്ടാരം മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടു.

അണുബാധയെത്തുടർന്ന് ആരോഗ്യനില വഷളായതാണ് മരണകാരണം. രാജകുമാരിയുടെ നിര്യാണത്തെത്തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. 2022 ഡിസംബറിൽ ഒരു സന്ദർശനത്തിനിടെ ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് കുഴഞ്ഞുവീണ അന്നുമുതൽ അവർ തീവ്രപരിചരണത്തിലായിരുന്നു.

യു.എസിലെ കോർണൽ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അവർ, തായ്‌ലൻഡ് അറ്റോർണി ജനറൽ ഓഫീസിൽ അഭിഭാഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രിയ, സ്ലോവേനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ തായ്‌ലൻഡ് അംബാസഡറായി പ്രവർത്തിച്ചു.

തടവുകാരുടെ അവകാശങ്ങൾക്കായി, പ്രത്യേകിച്ച് ഗർഭിണികളായ വനിതാ തടവുകാർക്കായി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി 2017-ൽ ഐക്യരാഷ്ട്രസഭ അവരെ ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചു.  2021-ൽ തായ് സൈന്യത്തിന്റെ ഭാഗമായ അവർക്ക് 'ജനറൽ' പദവി ലഭിക്കുകയും റോയൽ സെക്യൂരിറ്റി കമാൻഡിന്റെ തലപ്പത്ത് പ്രവർത്തിക്കുകയും ചെയ്തു.

തായ് ഭരണഘടനയനുസരിച്ച് സിംഹാസനത്തിന് അവകാശമുള്ള മൂന്ന് മക്കളിൽ ഒരാളായിരുന്നു 'പ്രിൻസസ് പാ' എന്ന് ജനങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്ന ബജ്രകിതിയാഭ. രാജകുമാരിയുടെ വിയോഗത്തോടെ തായ്‌ലൻഡിലെ അടുത്ത രാജകീയ പിൻഗാമി ആര് എന്ന ചോദ്യം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365492/princess-bajrakitiyabha-of-thailand-passes-away)