---
title: " വവ്വാലിനെ പേടിക്കുക തന്നെവേണം....! മനുഷ്യരിലെ നിപയ്ക്ക് കാരണം വവ്വാലുകൾ തന്നെയോ? വൈറസുകളുടെ ഘടന സമാനമെന്ന് കണ്ടെത്തൽ; ആശങ്കയോടെ കേരളം"
english_title: "nipah , nipahvirus , kozhikode, bat Study report on bats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365472/nipah-nipahvirus-kozhikode-bat-study-report-on-bats"
published_at: "2026-06-12T11:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba0a2dbc3d_bat.jpg"
keywords: ["nipah", "nipahvirus", "kozhikode", "Study report on bats"]
---

#  വവ്വാലിനെ പേടിക്കുക തന്നെവേണം....! മനുഷ്യരിലെ നിപയ്ക്ക് കാരണം വവ്വാലുകൾ തന്നെയോ? വൈറസുകളുടെ ഘടന സമാനമെന്ന് കണ്ടെത്തൽ; ആശങ്കയോടെ കേരളം

> **Lead Summary:** **കോഴിക്കോട്: **കേരളത്തിൽ തുടർച്ചയായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ വവ്വാലുകളിൽ നടത്തിയ പഠനറിപ്പോർട്ട് വൻ ആശങ്കയ്ക്ക് വഴിവെക്കുന്നു.

## Article Content

**കോഴിക്കോട്: **കേരളത്തിൽ തുടർച്ചയായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ വവ്വാലുകളിൽ നടത്തിയ പഠനറിപ്പോർട്ട് വൻ ആശങ്കയ്ക്ക് വഴിവെക്കുന്നു.

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം വരെ നിപ വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വവ്വാലുകളിൽ നിന്നാണ് സംസ്ഥാനത്ത് നിപ പടർന്നതെന്ന് ഇതുവരെ നൂറുശതമാനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രോഗബാധിതരായ മനുഷ്യരിലും വവ്വാലുകളിലും കണ്ടെത്തിയ വൈറസുകൾക്ക് സമാനമായ ഘടനയാണുള്ളത്.

ഇതിന്റെ അടിസ്ഥാനത്തിൽ വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് എത്തിയതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തിൽ വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.

കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വൻതോതിൽ വർധിക്കുന്നതായി പഠനം. ഫെബ്രുവരിയിൽ നിന്ന് സെപ്റ്റംബറിലെത്തുമ്പോഴേക്കും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം ഒമ്പത് ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർന്നതായി നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 2023ൽ ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു.

കോഴിക്കോട്, വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വവ്വാൽ സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഫെബ്രുവരിയിൽ ഒമ്പത് ശതമാനവും ജൂലൈയിൽ 24 ശതമാനവും സെപ്റ്റംബറിൽ 28 ശതമാനവുമായിരുന്നു പഠനപ്രകാരം വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം. ഫെബ്രുവരിയിൽ പരിശോധിച്ച 88 സാമ്പിളുകളിൽ 8 ഉം ജൂലൈയിൽ 74ൽ 18 ഉം, സെപ്റ്റംബറിൽ 110ൽ 31 വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പഠനത്തിൽ വ്യക്തമാക്കുന്നു.

കോഴിക്കോട് രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾക്ക് 40-60 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നാണ് വവ്വാൽ സാമ്പിളുകൾ ശേഖരിച്ച് പഠനവിധേയമാക്കിയത്. 2019 ലും 2021 ലും കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് വവ്വാലുകളിൽ നടത്തിയ പഠനത്തിൽ 20-21 ശതമാനം വരെ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ നിന്നായിരുന്നു ഫെബ്രുവരിയിൽ സാമ്പിൾ ശേഖരിച്ചത്. ജൂലൈയിൽ കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നും സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിലെ കല്ലാട്, തളീക്കര, കുറ്റ്യാടി, പേരാമ്പ്ര, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുമാണ് വവ്വാൽ സാമ്പിൾ ശേഖരിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365472/nipah-nipahvirus-kozhikode-bat-study-report-on-bats)