---
title: "261 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടം: ഒരു വർഷമായിട്ടും അന്തിമ റിപ്പോർട്ടില്ല; കേന്ദ്രത്തിനെതിരെ പൈലറ്റ് സംഘടനകൾ, സുപ്രീം കോടതിയിലേക്ക്"
english_title: "Ahmedabad plane crash: Pilot organizations against the Center for not releasing final report even after a year"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365428/ahmedabad-plane-crash-pilot-organizations-against-the-center-for-not-releasing-final-report-even-after-a-year"
published_at: "2026-06-12T09:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b86c04ee90_csdfv.jpg"
keywords: ["latest news", "air india", "Ahmedabad plane crash", "Pilot"]
---

# 261 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടം: ഒരു വർഷമായിട്ടും അന്തിമ റിപ്പോർട്ടില്ല; കേന്ദ്രത്തിനെതിരെ പൈലറ്റ് സംഘടനകൾ, സുപ്രീം കോടതിയിലേക്ക്

> **Lead Summary:** ന്യൂഡൽഹി: രാജ്യാന്തര വ്യോമയാന ചരിത്രത്തെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്ത്. വെറും 32 സെക്കൻഡ് മാത്രം നീണ്ടുനിന്ന വിമാന യാത്രയെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് സാധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യം.

## Article Content

ന്യൂഡൽഹി: രാജ്യാന്തര വ്യോമയാന ചരിത്രത്തെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്ത്. വെറും 32 സെക്കൻഡ് മാത്രം നീണ്ടുനിന്ന വിമാന യാത്രയെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് സാധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യം.

അപൂർണമായ ഇടക്കാല റിപ്പോർട്ടുകൾ പുറത്തുവിടുന്നത് അപകട കാരണത്തെക്കുറിച്ച് കൂടുതൽ ഊഹാപോഹങ്ങൾക്ക് മാത്രമേ വഴിവെക്കൂ എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് പ്രസിഡന്റ് സി.എസ്. രൺധാവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് അഹമ്മദാബാദിൽ രാജ്യത്തെ നടുക്കിയ വിമാനാപകടം ഉണ്ടായത്. എയർ ഇന്ത്യയുടെ AI-171 ബോയിംഗ് 787 വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 242 പേരും, വിമാനം പതിച്ച ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്തുണ്ടായിരുന്ന 19 പേരുമടക്കം ആകെ 261 പേർക്കാണ് ജീവൻ നഷ്ടമായത്.

അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ 'ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ' ഓഫായതാണ് എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധമാണോ അതോ സാങ്കേതിക തകരാറാണോ എന്ന് വ്യക്തമാക്കാതെ, കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണം മാത്രം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൈലറ്റ് അസോസിയേഷൻ ആരോപിക്കുന്നു. അപകടത്തിൽപ്പെട്ട പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് പുഷ്കർ രാജ് സബർവാളും പൈലറ്റുമാരുടെ സംഘടനയും ചേർന്ന് അപകടത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ (ICAO) മാനദണ്ഡങ്ങൾ അനുസരിച്ച് അപകടം നടന്ന് 12 മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ വിമാനത്തിന്റെ 'ജനറൽ ഇലക്ട്രിക്' എഞ്ചിനുകളുടെ ഡാറ്റാ പരിശോധന അമേരിക്കയിൽ പൂർത്തിയാകാത്തതിനാലാണ് റിപ്പോർട്ട് വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ, എല്ലാ വർഷവും ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാമെന്ന പ്രത്യേക വ്യവസ്ഥ ഉപയോഗിച്ച് കേന്ദ്ര സർക്കാർ താൽക്കാലിക റിപ്പോർട്ട് പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഇത്തരം അന്വേഷണങ്ങൾ പൂർത്തിയാക്കാൻ സാധാരണയായി 20 മുതൽ 22 മാസം വരെ എടുക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

അപകടത്തിൽ മരിച്ച 15 യാത്രക്കാരുടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള വ്യക്തിഗത സാമഗ്രികൾ ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ദുരന്തത്തിൽ തകർന്ന ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം 105 കോടി രൂപ മുടക്കി എയർ ഇന്ത്യ പുതുക്കി പണിയുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365428/ahmedabad-plane-crash-pilot-organizations-against-the-center-for-not-releasing-final-report-even-after-a-year)