---
title: "ഫുട്ബോൾ ഭ്രാന്തന്മാർ ശ്രദ്ധിക്കണേ... വ്യാജ ലിങ്കുകൾ വഴി ലോകകപ്പ് കാണാൻ നോക്കേണ്ട; മുന്നറിയിപ്പുമായി കേരള പോലീസ്"
english_title: "Don't try to watch the World Cup through fake links"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365420/dont-try-to-watch-the-world-cup-through-fake-links"
published_at: "2026-06-12T09:17:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ab75266faa_21.jpg"
keywords: ["Latest News", "Fifa World Cup", "Fake Links", "Warning", "Kerala Police"]
---

# ഫുട്ബോൾ ഭ്രാന്തന്മാർ ശ്രദ്ധിക്കണേ... വ്യാജ ലിങ്കുകൾ വഴി ലോകകപ്പ് കാണാൻ നോക്കേണ്ട; മുന്നറിയിപ്പുമായി കേരള പോലീസ്

> **Lead Summary:** **തിരുവനന്തപുരം: [**ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി തത്സമയം കാണാമെന്ന വ്യാജേന ഫുട്ബോൾ പ്രേമികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ വൻ സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.

## Article Content

**തിരുവനന്തപുരം: [**ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി തത്സമയം കാണാമെന്ന വ്യാജേന ഫുട്ബോൾ പ്രേമികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ വൻ സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ടെലിഗ്രാം, യൂട്യൂബ് എന്നിവ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. പരസ്യങ്ങളില്ലാതെ സിനിമകളും 1000-ൽ അധികം ചാനലുകളും പ്രീമിയം ഒടിടി ഉള്ളടക്കങ്ങളും സൗജന്യമായി കാണാമെന്ന് വാഗ്ദാനം ചെയ്യുന്ന സംഘം, ഔദ്യോഗിക ആപ്പുകളെ വെല്ലുന്ന പേരുള്ള ചില വ്യാജ ആപ്ലിക്കേഷനുകളുടെ എപികെ ഫയൽ ലിങ്കുകളാണ് ഇരകൾക്ക് കൈമാറുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ ലഭ്യമല്ലാത്ത ഇത്തരം വ്യാജ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യിക്കുന്നതോടെയാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം ആപ്പ് പ്രവർത്തിപ്പിക്കാനായി അപ്‌ഡേഷനോ ആക്ടിവേഷനോ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ സ്ക്രീനിൽ തെളിയും.

ഇവ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ സുരക്ഷാ വിഭാഗങ്ങളായ അക്സസിബിലിറ്റി സർവീസ്, നോട്ടിഫിക്കേഷൻ ആക്സസ്, സ്ക്രീൻ ഓവർലേ എന്നിവയ്ക്കുള്ള നിർണ്ണായക അനുമതികൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.

ഈ രഹസ്യ പ്രവേശനത്തിലൂടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കുന്ന സംഘം, ഉടമയുടെ അറിവോ സമ്മതമോ കൂടാതെ തന്നെ ഫോണിലുള്ള യുപിഐ, ബാങ്കിംഗ് ആപ്ലിക്കേഷനുകൾ എന്നിവയിലേക്ക് കടന്നുകയറി ബാങ്ക് അക്കൗണ്ടുകളിലെ പണം മുഴുവൻ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ഇത്തരം കെണികളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഓർമ്മിപ്പിക്കുന്നു. മത്സരങ്ങൾ കാണാനായി സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന യാതൊരുവിധ എപികെ ഫയലുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.

ആപ്ലിക്കേഷനുകൾ ആവശ്യമെങ്കിൽ ഔദ്യോഗിക പ്ലേ സ്റ്റോറുകളെ മാത്രം ആശ്രയിക്കുകയും, അതിശയോക്തിപരമായ സൗജന്യ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുകയും വേണം. ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിർണ്ണായക അനുമതികൾ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കണം.

ഇത്തരം സംശയാസ്പദമായ ലിങ്കുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുതെന്നും ബാങ്കിംഗ് ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു. ഇനി ഏതെങ്കിലും തരത്തിൽ ചതിക്കപ്പെട്ടാൽ ഒട്ടും സമയം കളയാതെ എത്രയും വേഗം 1930 എന്ന ഔദ്യോഗിക സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ, അല്ലെങ്കിൽ ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യണം.

തട്ടിപ്പ് നടന്ന് ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പരാതി നൽകിയാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും സൈബർ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365420/dont-try-to-watch-the-world-cup-through-fake-links)