---
title: "ഷിഗെല്ല ഭീതിയിൽ കേരളം; ഈ വർഷം രോഗം ബാധിച്ചത് 114 പേർക്ക്, കൂടുതൽ ജില്ലകളിലേക്ക് രോഗവ്യാപനം"
english_title: "Shigella has infected 114 people this year, spreading to more districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365419/shigella-has-infected-114-people-this-year-spreading-to-more-districts"
published_at: "2026-06-12T09:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a4f03748b2_shigalla.jpg"
keywords: ["latest news", "Shigella", "wayanad", "kollam"]
---

# ഷിഗെല്ല ഭീതിയിൽ കേരളം; ഈ വർഷം രോഗം ബാധിച്ചത് 114 പേർക്ക്, കൂടുതൽ ജില്ലകളിലേക്ക് രോഗവ്യാപനം

> **Lead Summary:** കൽപ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ അതിവേഗം പടരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷത്തെ രോഗവ്യാപനം അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തൽ. ഈ വർഷം ഇതുവരെ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 54 ആയിരുന്നു. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

## Article Content

കൽപ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ അതിവേഗം പടരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷത്തെ രോഗവ്യാപനം അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തൽ. ഈ വർഷം ഇതുവരെ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 54 ആയിരുന്നു. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

അഞ്ചുവർഷത്തെ ഷിഗെല്ല കണക്കുകൾ:

2026 (ഇതുവരെ): 114 പേർ

2025: 132 പേർ

2024: 121 പേർ

2023: 90 പേർ

2022: 83 പേർ

വയനാട് ജില്ലയിൽ ഇതുവരെ 9 കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയും ഒരു കുട്ടിക്ക് കൂടി രോഗം കണ്ടെത്തി. ലക്ഷണങ്ങളോടെ 502 കുട്ടികൾ: കോളിയാടി സ്കൂളിലെ 502 കുട്ടികളാണ് നിലവിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. ഇതിൽ 47 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.

 സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയാൻ മൂന്ന് പഞ്ചായത്തുകളിലെയും ബത്തേരി നഗരസഭയിലെയും സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു. കുട്ടികളുമായി പുറത്തുപോകുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വയനാടിന് പുറമെ കൊല്ലം ജില്ലയിലും ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചു. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് വയസ്സുകാരനാണ് രോഗം ബാധിച്ചത്. കുട്ടിയുടെ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലക്ഷണങ്ങളോടെ മറ്റ് ചിലരെക്കൂടി കൊല്ലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതിനാൽ ആരോഗ്യവകുപ്പ് പരിശോധനകൾ ഊർജിതമാക്കി.

**എന്താണ് ഷിഗെല്ല? ലക്ഷണങ്ങൾ ശ്രദ്ധിക്കുക:**

കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇത് പകരുന്നത്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

**പ്രധാന ലക്ഷണങ്ങൾ:** കടുത്ത വയറിളക്കം, പനി, ശക്തമായ വയറുവേദന, വിട്ടുമാറാത്ത ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി ഒട്ടും വൈകാതെ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365419/shigella-has-infected-114-people-this-year-spreading-to-more-districts)