---
title: "പാലായില്‍ യുഡിഎഫ് പോര് കടുക്കുന്നു; മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചയിലും തീരുമാനമായില്ല, ഭരണ പ്രതിസന്ധി ആരോപിച്ച് ഇന്ന് ബിജെപി പ്രതിഷേധിക്കും "
english_title: "UDF Fight In Pala Consensus Talks Led By Mani C Kappan Fail To Reach A Decision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365401/udf-fight-in-pala-consensus-talks-led-by-mani-c-kappan-fail-to-reach-a-decision"
published_at: "2026-06-12T06:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b56fd3c1a9_UDF_Fight_In_Pala.jpg"
keywords: ["Latest News", "UDF", "Pala Municipality", "Diya Pulikkakkandam", "Mani C Kappan"]
---

# പാലായില്‍ യുഡിഎഫ് പോര് കടുക്കുന്നു; മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചയിലും തീരുമാനമായില്ല, ഭരണ പ്രതിസന്ധി ആരോപിച്ച് ഇന്ന് ബിജെപി പ്രതിഷേധിക്കും 

> **Lead Summary:** കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ മാണി സി കാപ്പന്‍റെ നേതൃത്വത്തിൽ നടത്തിയ ച‍ർച്ചയിൽ തീരുമാനം ആയില്ല. സ്വതന്ത്ര കൂട്ടായ്മക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ നിലപാട് കടുപ്പിക്കുകയാണ്.

## Article Content

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ മാണി സി കാപ്പന്‍റെ നേതൃത്വത്തിൽ നടത്തിയ ച‍ർച്ചയിൽ തീരുമാനം ആയില്ല. സ്വതന്ത്ര കൂട്ടായ്മക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ നിലപാട് കടുപ്പിക്കുകയാണ്.

കോൺഗ്രസ് ജില്ലാ നേതൃത്വവും കൗൺസിലർമാരായി ചർച്ച നടത്തും. അതേസമയം ഭരണ പ്രതിസന്ധി ആരോപിച്ച് ബിജെപി ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ തകര്‍ത്ത് ഭരണ പിടിച്ച പാലാ നഗരസഭയിൽ യുഡിഎഫിൽ പരസ്യ പോരാണ് നടക്കുന്നത്.

ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിന് വിശ്വാസം നഷ്‌ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു. വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയാണ് കത്തിൽ ഒപ്പിട്ടത്.

കഴിഞ്ഞ ആറ് മാസക്കാലമായും പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിലും സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കോൺഗ്രസ് കൗൺസിലർമാർക്കും വളരെ അപമാനം ആണ് ഉണ്ടാക്കിയെന്നും കത്തിൽ ആരോപിച്ചു.

യുഡിഎഫ് ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരു വിധ റോളും ഈ ഭരണത്തിൽ ഇല്ലായിരുന്നു. സംസ്ഥാന ഭരണത്തിനും യുഡിഎഫ് എംഎൽഎ ജയിക്കുന്നതിന് വേണ്ടിയും യാതൊരു വിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യുഡിഎഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെ ഉണ്ടായെന്നും കത്തിൽ ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് 3 പൊലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴി എടുത്തിട്ടും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് ചെയർപേഴ്സൺ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനുവിലും സ്വതന്ത്ര കൂട്ടായ്മയിലും ഉള്ള വിശ്വാസം ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365401/udf-fight-in-pala-consensus-talks-led-by-mani-c-kappan-fail-to-reach-a-decision)