---
title: "രാജ്യത്തെ നടുക്കിയ വിമാനദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇടക്കാല ധനസഹായം വിതരണം പൂർത്തിയായതായി എയർ ഇന്ത്യ"
english_title: "Air India plane crash in Ahmedabad, interim financial assistance to families of deceased"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365334/air-india-plane-crash-in-ahmedabad-interim-financial-assistance-to-families-of-deceased"
published_at: "2026-06-11T15:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a875362963_ahammadabad_plain_clash.jpg"
keywords: ["Latest News", "Air India", "Air India Plane Crash", "Ahmedabad"]
---

# രാജ്യത്തെ നടുക്കിയ വിമാനദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇടക്കാല ധനസഹായം വിതരണം പൂർത്തിയായതായി എയർ ഇന്ത്യ

> **Lead Summary:** **അഹമ്മദാബാദ്: **കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇടക്കാല ധനസഹായം വിതരണം പൂർത്തിയായതായി വിവരം.

## Article Content

**അഹമ്മദാബാദ്: **കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇടക്കാല ധനസഹായം വിതരണം പൂർത്തിയായതായി വിവരം.

അപകടത്തിൽ മരിച്ചവരുടെ 96 ശതമാനം കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഇടക്കാല ആശ്വാസമായി നൽകിക്കഴിഞ്ഞെന്നാണ് എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം. അവശേഷിക്കുന്ന നാല് ശതമാനം പേർക്ക് ധനസഹായം നൽകാൻ സാധിക്കാത്തതിന് പിന്നിൽ അവകാശ തർക്കവും രേഖകൾ അപൂർണമായതുമാണ് കാരണമായി പറയുന്നത്.

വിമാനാപകടത്തിൽ പരിക്കേറ്റ പ്രദേശവാസികളിൽ 94% പേർക്കും പരിക്കിന്റെ തീവ്രതയും ജീവനോപാധികളുടെ നഷ്ടവും കണക്കാക്കി ഇടക്കാല സഹായമോ അല്ലെങ്കിൽ ഒറ്റത്തവണ നഷ്ടപരിഹാരമോ നൽകിയിട്ടുണ്ട്.

നിയമപരമായ നഷ്ടപരിഹാരങ്ങൾക്ക് പുറമെ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനായി രൂപീകരിച്ച 'AI-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്' വഴി 91% കുടുംബങ്ങൾക്കും ഈ തുക കൈമാറി കഴിഞ്ഞു.

അന്തിമ നഷ്ടപരിഹാരത്തിനായുള്ള ചർച്ചകൾ എയർ ഇന്ത്യ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അന്തിമ തുക കൈപ്പറ്റുന്നതിനായി കമ്പനി യാതൊരുവിധ സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും കുടുംബങ്ങൾക്ക് മേൽ യാതൊരുവിധ സമ്മർദ്ദവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ അന്തിമ നഷ്ടപരിഹാരം വിതരണം ചെയ്യൂ.

അപകടത്തിൽ മരിച്ചവരുടെ വ്യക്തിഗത സാധനങ്ങൾ ബന്ധുക്കൾക്ക് തിരികെ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലും യുകെയിലുമായി 139 കുടുംബങ്ങൾക്ക് സാധനങ്ങൾ തിരികെ നൽകി. എന്നാൽ 15 കുടുംബങ്ങൾ സാധനങ്ങൾ കൈപ്പറ്റാൻ വിസമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനാണ് എയർ ഇന്ത്യയുടെ AI-171 (ബോയിംഗ് 787-8 ഡ്രീംലൈനർ) വിമാനം തകർന്നുവീണത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേരും (ഒരാൾ രക്ഷപ്പെട്ടു) കൊല്ലപ്പെട്ടു. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലുണ്ടായിരുന്ന 19-ഓളം പേരും അടക്കം ആകെ 260 പേരാണ് അപകടത്തിൽ മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365334/air-india-plane-crash-in-ahmedabad-interim-financial-assistance-to-families-of-deceased)