---
title: "ഫുട്ബോൾ ലോകകപ്പിന് ഇന്ന് കിക്കോഫ്: സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ വെട്ടിച്ചുരുക്കി സീ5; ആരാധകർക്ക് ഇരുട്ടടി, ആശ്വാസവുമായി ദൂരദർശൻ"
english_title: "Zee5 cuts subscription plans"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365297/zee5-cuts-subscription-plans"
published_at: "2026-06-11T13:46:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a6f7c5b234_VDB.jpg"
keywords: ["SPORTS", "FIFA WORLD CUP", "FOOTBALL", "ZEE TV"]
---

# ഫുട്ബോൾ ലോകകപ്പിന് ഇന്ന് കിക്കോഫ്: സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ വെട്ടിച്ചുരുക്കി സീ5; ആരാധകർക്ക് ഇരുട്ടടി, ആശ്വാസവുമായി ദൂരദർശൻ

> **Lead Summary:** മുംബൈ: **[** ലോകം കാത്തിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇന്ന് മെക്സിക്കോയിൽ കിക്കോഫ് നടക്കാനിരിക്കെ, ഇന്ത്യയിലെ ഡിജിറ്റൽ സംപ്രേഷണാവകാശമുള്ള 'സീ5' സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളിൽ വരുത്തിയ മാറ്റം ആരാധകർക്ക് വലിയ തിരിച്ചടിയാകുന്നു. കിക്കോഫ് ദിവസം തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സീ എന്റർടൈൻമെന്റ് പ്ലാനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

## Article Content

മുംബൈ: **[** ലോകം കാത്തിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇന്ന് മെക്സിക്കോയിൽ കിക്കോഫ് നടക്കാനിരിക്കെ, ഇന്ത്യയിലെ ഡിജിറ്റൽ സംപ്രേഷണാവകാശമുള്ള 'സീ5' സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളിൽ വരുത്തിയ മാറ്റം ആരാധകർക്ക് വലിയ തിരിച്ചടിയാകുന്നു. കിക്കോഫ് ദിവസം തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സീ എന്റർടൈൻമെന്റ് പ്ലാനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ ലോകകപ്പ് തത്സമയം കാണാൻ സാധിക്കുമോ എന്ന ആരാധകരുടെ ആശങ്കകൾക്കൊടുവിലായിരുന്നു വലിയ തുക മുടക്കി സീ ഗ്രൂപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. എന്നാൽ അവസാന നിമിഷത്തെ ഈ മാറ്റം ആരാധകരിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

**സീ5 വരുത്തിയ പ്രധാന മാറ്റങ്ങൾ:**

ലോകകപ്പ് സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ (799 രൂപ): നേരത്തെ 3 മാസത്തെ ഈ പ്ലാനിൽ (പരസ്യങ്ങളോടെ) 3 ഡിവൈസുകളിൽ ഒരേസമയം കളി കാണാമായിരുന്നെങ്കിൽ, പുതിയ മാറ്റമനുസരിച്ച് ഇനി ഒരു ഡിവൈസിൽ മാത്രമേ കാണാനാകൂ.

പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പാക്കേജ് (1699 രൂപ): ഒരു വർഷത്തെ ഈ പ്ലാനിൽ (പരസ്യങ്ങളില്ലാതെ) 4 ഡിവൈസുകളിൽ കളി കാണാൻ അനുമതിയുണ്ടായിരുന്നത് ഇപ്പോൾ 2 ഡിവൈസുകളായി വെട്ടിച്ചുരുക്കി.

ഇതോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി അക്കൗണ്ട് പങ്കിട്ട് കളി കാണാമെന്ന് കരുതിയ ആരാധകർ വലിയ തുക അധികമായി മുടക്കേണ്ടി വരും. 2034 വരെയുള്ള 38 ഫിഫ ടൂർണമെന്റുകളുടെ സംപ്രേഷണ അവകാശമാണ് ഫിഫയുമായുള്ള കരാറിലൂടെ സീ ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനായി Unite8 Sports 1, Unite8 Sports 1 HD, Unite8 Sports 2, Unite8 Sports 2 HD എന്നീ നാല് പുതിയ സ്പോർട്സ് ചാനലുകളും സീ നെറ്റ്‌വർക്ക് ആരംഭിച്ചിട്ടുണ്ട്.

**പണമില്ലെങ്കിലും കളി കാണാം; ആശ്വാസവുമായി ദൂരദർശൻ**

സീ5-ന്റെ പ്ലാൻ മാറ്റത്തിൽ നിരാശരായ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആശ്വാസ വാർത്തയുമായി ദൂരദർശൻ രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പിലെ പ്രധാന മത്സരങ്ങൾ ദൂരദർശൻ സ്പോർട്സ് (DD Sports) ചാനലിലൂടെ സൗജന്യമായി കാണാം.

സൗജന്യമായി സംപ്രേഷണം ചെയ്യുന്ന മത്സരങ്ങൾ:

ഇന്നത്തെ ഉദ്ഘാടന മത്സരം

ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ (ജൂലൈ 9, 10, 11)

സെമി ഫൈനലുകൾ (ജൂലൈ 14, 15)

ഫൈനൽ പോരാട്ടം (ജൂലൈ 19)

സീ ചാനലുകളോ സീ5 സബ്‌സ്‌ക്രിപ്ഷനോ ഇല്ലാത്ത സാധാരണക്കാരായ കായികപ്രേമികൾക്ക് ദൂരദർശന്റെ ഈ തീരുമാനം വലിയ തുണയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365297/zee5-cuts-subscription-plans)