---
title: "റഷ്യയെ നടുക്കി കാർ ബോംബ് സ്ഫോടനം; ഉന്നത സൈനിക മേധാവി കൊല്ലപ്പെട്ടു"
english_title: "Car bomb blast shakes Russia; top military commander killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365272/car-bomb-blast-shakes-russia-top-military-commander-killed"
published_at: "2026-06-11T12:27:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5cf0e4e5b_top_military_commander_killed.jpg"
keywords: ["Latest News", "Russia Car Bomb", "Car Explosion", "Colonel Damir Davydov"]
---

# റഷ്യയെ നടുക്കി കാർ ബോംബ് സ്ഫോടനം; ഉന്നത സൈനിക മേധാവി കൊല്ലപ്പെട്ടു

> **Lead Summary:** മോസ്കോ: റഷ്യയിൽ ഉണ്ടായ ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവനായ കേണൽ ദമീർ ദവിദോവ് ആണ് കൊല്ലപ്പെട്ടത്.

## Article Content

മോസ്കോ: റഷ്യയിൽ ഉണ്ടായ ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവനായ കേണൽ ദമീർ ദവിദോവ് ആണ് കൊല്ലപ്പെട്ടത്.

മോസ്കോയ്ക്ക് സമീപമുള്ള ബാലാഷിഖ എന്ന നഗരത്തിലായിരുന്നു സംഭവം. ദമീർ ദവിദോവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്യുവി കാർ സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യൻ മണ്ണിൽ വെച്ച് യുദ്ധത്തെ അനുകൂലിക്കുന്ന പ്രമുഖരെയും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടക്കുന്ന തുടർച്ചയായ കൊലപാതക പരമ്പരകളിലെ ഒടുവിലത്തെ സംഭവമാണിത്. ഉന്നത ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗമാണെന്ന സംശയത്തിൽ റഷ്യ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെ ദവിദോവ് വാഹനം ഓടിച്ചു പോകുമ്പോഴാണ് കാറിനടിയിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ വാഹനം പൂർണ്ണമായും തീപിടിക്കുകയും നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.

സ്ഫോടനം നടന്നയുടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കത്തുന്ന കാറിനുള്ളിൽ നിന്ന് ദവിദോവിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം അധികം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. റഷ്യൻ സായുധ സേനയിലേക്ക് വെടിക്കോപ്പുകളും ആയുധങ്ങളും വിതരണം ചെയ്യുന്ന പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്ന തന്ത്രപ്രധാനമായ പദവിയായിരുന്നു 57 കാരനായ ദമീർ ദവിദോവ് കൈകാര്യം ചെയ്തിരുന്നത്.

വിവരം വ്ലാദിമിർ പുടിനെ അറിയിച്ചതായാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ആക്രമണത്തിന് പിന്നിൽ യുക്രൈൻ ആണെന്നാണ് ക്രെംലിൻ വക്താവ് പരോക്ഷമായി വിശദമാക്കിയത്. സംഭവത്തിൽ റഷ്യൻ ജനപ്രതിനിധികളും മുൻ സൈനിക ജനറൽമാരും കടുത്ത അമർഷം രേഖപ്പെടുത്തുകയും ഇത്തരം ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365272/car-bomb-blast-shakes-russia-top-military-commander-killed)