---
title: " ഓർക്കുന്നുണ്ടോ .....? 'എരണം കെട്ടവൻ ഭരിച്ചാൽ നാട് മുടിയും...'; ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പഴയ 'നിപ പ്രസംഗം' പൊക്കി സോഷ്യൽ മീഡിയ"
english_title: "Health Minister K. Muraleedharan's old 'Nipah speech',"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365255/health-minister-k-muraleedharans-old-nipah-speech-"
published_at: "2026-06-11T11:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a4da264ec3_muraleedharan.jpg"
keywords: []
---

#  ഓർക്കുന്നുണ്ടോ .....? 'എരണം കെട്ടവൻ ഭരിച്ചാൽ നാട് മുടിയും...'; ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പഴയ 'നിപ പ്രസംഗം' പൊക്കി സോഷ്യൽ മീഡിയ

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ വീണ്ടും നിപ വൈറസ് ഭീതി നിലനിൽക്കുന്നതിനിടെ, നിലവിലെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുൻപ് നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാകുന്നു.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ വീണ്ടും നിപ വൈറസ് ഭീതി നിലനിൽക്കുന്നതിനിടെ, നിലവിലെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുൻപ് നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാകുന്നു.

കോൺഗ്രസ് നേതാവായിരിക്കെ 2021-ൽ എൽഡിഎഫ് സർക്കാരിനെതിരെ മുരളീധരൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സിപിഎം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

 'എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021ൽ മുരളീധരൻ പറഞ്ഞത്'. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വര്‍ഷങ്ങളായി. ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും അന്ന് മുരളി പറഞ്ഞു.

> "ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. കെ കരുണാകരനും എ കെ ആന്‍റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു.

> എന്താണ് ഇപ്പോള്‍ രോഗം പടരാനുള്ള കാരണം," അന്ന് മുരളീധരന്‍ ചോദിച്ചു. ആരോഗ്യ മന്ത്രിക്ക് ഇപ്പോഴും ഈ അഭിപ്രായം തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്.

അതേസമയം നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. രോഗബാധിതനായ ഫറോക്ക് സ്വദേശിയുടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് സ്രവം പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരോട് മുഴുവൻ ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365255/health-minister-k-muraleedharans-old-nipah-speech-)