---
title: "തുപ്പലുകാരാ... ഇത്രയ്ക്ക് ക്രൂരത വേണമായിരുന്നോ? വഴിയിൽ തുപ്പരുതെന്ന് പറഞ്ഞതിന് വൃദ്ധനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത, കാലൊടിഞ്ഞു "
english_title: "Auto driver brutally beats up elderly man after asking him not to spit on the road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365239/auto-driver-brutally-beats-up-elderly-man-after-asking-him-not-to-spit-on-the-road-"
published_at: "2026-06-11T10:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a3f40eed4f_crime.jpg"
keywords: []
---

# തുപ്പലുകാരാ... ഇത്രയ്ക്ക് ക്രൂരത വേണമായിരുന്നോ? വഴിയിൽ തുപ്പരുതെന്ന് പറഞ്ഞതിന് വൃദ്ധനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത, കാലൊടിഞ്ഞു 

> **Lead Summary:** **മുംബൈ: **അതിക്രൂര മർദ്ദനം .... മഹാരാഷ്ട്രയിലെ താനെയിൽ പൊതുവഴിയില്‍ തുപ്പരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ വയോധികനെ ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

## Article Content

**മുംബൈ: **അതിക്രൂര മർദ്ദനം .... മഹാരാഷ്ട്രയിലെ താനെയിൽ പൊതുവഴിയില്‍ തുപ്പരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ വയോധികനെ ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഭാര്യയ്‌ക്കൊപ്പം നടന്ന് പോവുകയായിരുന്ന ആള്‍ ഡ്രൈവറുടെ പെരുമാറ്റത്തെ എതിര്‍ക്കുകയും പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് തര്‍ക്കമുണ്ടാവുകയും ആക്രമത്തിലേക്ക് എത്തിയതും.

ഡ്രൈവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം താനെ വെസ്റ്റിലെ ജൂപ്പിറ്റര്‍ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. വെള്ളം കൊണ്ട് വായ കഴുകുകയും റോഡില്‍ തുടര്‍ച്ചയായി തുപ്പുകയും ചെയ്തതിനാണ് വയോധികന്‍ ഡ്രൈവറെ എതിര്‍ത്തത്.

ഏകദേശം 75-76 വയസ്സുള്ള സരോജ് ദസ്തൂര്‍ എന്നയാളാണ് ഡ്രൈവർ 40 വയസ്സുള്ള നിഷാന്ത് ശുക്ലയെ എതിര്‍ത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദമ്പതികള്‍ ജൂപ്പിറ്റര്‍ ആശുപത്രിക്ക് സമീപമാണ് താമസിക്കുന്നത്. തര്‍ക്കത്തിനിടെ ഡ്രൈവര്‍ വൃദ്ധനെ ആക്രമിക്കുകയും തള്ളിയിടുകയും ചെയ്തു. ഒരു വലിയ കല്ലെടുത്ത് വൃദ്ധന് നേരെ എറിഞ്ഞതോടെ അക്രമം കൂടുതല്‍ രൂക്ഷമായി.

ആക്രമണത്തില്‍ ദസ്തൂറിന്റെ കാലിന് ഒടിവുണ്ടായി. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഡ്രൈവറിനെതിരെ ഉയരുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനെ എതിര്‍ത്തതിന് ഒരു മുതിര്‍ന്ന പൗരനെ ഇത്ര കഠിനമായി ആക്രമിച്ചത് ഞെട്ടലുണ്ടാക്കുന്നുവെന്നാണ് വിമർശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365239/auto-driver-brutally-beats-up-elderly-man-after-asking-him-not-to-spit-on-the-road-)