---
title: "നിപ ഭീതി: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത,  പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും"
english_title: "Nipah Scare High Alert In Kozhikode District"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365206/nipah-scare-high-alert-in-kozhikode-district"
published_at: "2026-06-11T07:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698df028bd675_16.jpg"
keywords: ["Latest News", "Nipah Virus", "High Alert", "Kozhikode", "Department of Health", "Kozhikode Medical College"]
---

# നിപ ഭീതി: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത,  പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും

> **Lead Summary:** കോഴിക്കോട്: നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. രോഗബാധിതനായ ഫറോക്ക് സ്വദേശിയുടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും.

## Article Content

കോഴിക്കോട്: നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. രോഗബാധിതനായ ഫറോക്ക് സ്വദേശിയുടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് സ്രവം പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

രോഗിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരോട് മുഴുവൻ ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

കൂടുതൽ പേരുമായി രോഗിക്ക് സമ്പർക്കമുണ്ടെന്നും റൂട്ട് മാപ്പ് ഉടൻ തയ്യാറാക്കുമെന്നും എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ട് യോഗം ചേർന്ന് പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കും. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സൺ കല്ലട മുഹമ്മദലിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രാഥമികമായ പ്രതിരോധ നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്.

രോഗിയുടെ വീട്ടുകാരും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ വരുമെല്ലാം സ്വന്തം നിലയിൽ ക്വാറന്റീനിൽ പ്രവേശിച്ചു. രോഗിയുടെ വീടിരിക്കുന്ന പ്രദേശം കണ്ടൈൻമെന്‍റ് സോണടക്കമുള്ളവ ഇന്നുണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365206/nipah-scare-high-alert-in-kozhikode-district)