---
title: "അവധി നാല് ദിവസത്തേക്ക്; ഷിഗല്ല ബാധയെ തുടർന്ന് വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി"
english_title: "Four-day holiday for educational institutions in four local bodies in Shigalla and Wayanad districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365191/four-day-holiday-for-educational-institutions-in-four-local-bodies-in-shigalla-and-wayanad-districts"
published_at: "2026-06-10T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912fad4285cb_avadhi.jpg"
keywords: ["Latest News", "Educational Institutions", "Holiday", "Wayanad Districts", "Shigalla"]
---

# അവധി നാല് ദിവസത്തേക്ക്; ഷിഗല്ല ബാധയെ തുടർന്ന് വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി

> **Lead Summary:** **കൽപ്പറ്റ: **കോളിയാടി സ്കൂളിലെ ഷിഗല്ല ബാധയെ തുടർന്ന് നാല് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നെൻമേനി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലെയും സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

## Article Content

**കൽപ്പറ്റ: **കോളിയാടി സ്കൂളിലെ ഷിഗല്ല ബാധയെ തുടർന്ന് നാല് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നെൻമേനി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലെയും സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

ജൂൺ 14 വരെയാണ് അവധി നൽകിയിരിക്കുന്നത്. മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്റ്റലുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

കഴിഞ്ഞ ​ദിവസം പരിശോധനയ്ക്കയച്ച ബത്തേരി മാർ ബസേലിയോസ് എയുപി സ്കൂളിൻ്റെ കിണറിലെ വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

എന്നാൽ വെള്ളത്തിൽ മാലിന്യവും മറ്റ് ബാക്ടീരിയകളുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കിണറിലെ വെള്ളമാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ​ദിവസം പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും നേരിട്ടുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രദേശത്ത് ഊർജ്ജിതമായി നടന്നു വരികയാണ്.

ഷിഗെല്ല​ രോഗവ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും സംഘം നൽകിയിട്ടുണ്ട്. പനി, വയറിളക്കം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് നേരത്തെ ഒരാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365191/four-day-holiday-for-educational-institutions-in-four-local-bodies-in-shigalla-and-wayanad-districts)