---
title: "ഹാ.... അത് കൊള്ളാല്ലോ...!; പരീക്ഷ എഴുതിയവർ 'ആബ്സെന്റ്', പങ്കെടുക്കാത്തവർക്ക് മാർക്ക്; നീറ്റിന് പിന്നാലെ നിഫ്റ്റ് പ്രവേശന പരീക്ഷയിലും ക്രമക്കേട്"
english_title: " After NEET, irregularities in NIFT entrance exam also"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365158/after-neet-irregularities-in-nift-entrance-exam-also"
published_at: "2026-06-10T17:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a294f5fd88bc_After_NEET,_irregularities_in_NIFT_entrance_exam_also.jpg"
keywords: ["Latest News", "NTA", "NIFT", "Exam Scam"]
---

# ഹാ.... അത് കൊള്ളാല്ലോ...!; പരീക്ഷ എഴുതിയവർ 'ആബ്സെന്റ്', പങ്കെടുക്കാത്തവർക്ക് മാർക്ക്; നീറ്റിന് പിന്നാലെ നിഫ്റ്റ് പ്രവേശന പരീക്ഷയിലും ക്രമക്കേട്

> **Lead Summary:** ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പ്രതിസന്ധിയിൽ. ഫാഷൻ ടെക്നോളജി കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നിഫ്റ്റിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് എൻടിഎയ്ക്കെതിരെ വ്യാപക ക്രമക്കേട് ആരോപണങ്ങളുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്.

## Article Content

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പ്രതിസന്ധിയിൽ. ഫാഷൻ ടെക്നോളജി കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നിഫ്റ്റിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് എൻടിഎയ്ക്കെതിരെ വ്യാപക ക്രമക്കേട് ആരോപണങ്ങളുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്.

ജൂൺ 3-ന് പുറത്തുവിട്ട പരീക്ഷാ ഫലത്തിലെ സ്കോർ കാർഡുകൾ, അറ്റൻഡൻസ് രേഖകൾ, പരീക്ഷാ നടത്തിപ്പ് എന്നിവയിൽ ഗുരുതരമായ അപാകതകൾ നടന്നിട്ടുണ്ടെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം. റെഡ്ഡിറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിദ്യാർത്ഥികൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെക്കുന്നത്.

പരീക്ഷയിൽ വളരെ മികച്ച പ്രകടനം നടത്തിയെന്ന് ഉറപ്പുള്ള വിദ്യാർത്ഥികൾക്ക് പോലും 'സിറ്റുവേഷൻ ടെസ്റ്റിൽ' പത്തിൽ താഴെ മാർക്ക് മാത്രമാണ് എൻടിഎ നൽകിയിരിക്കുന്നത്. പരീക്ഷയിൽ പങ്കെടുത്ത പല ഉദ്യോഗാർത്ഥികളെയും സ്കോർ കാർഡിൽ 'ആബ്സെന്റ്' ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ബി-ഡിസൈൻ (BDes) പരീക്ഷയുടെ ഭാഗമായുള്ള സിറ്റുവേഷൻ ടെസ്റ്റിൽ പങ്കെടുക്കാത്ത ചില വിദ്യാർത്ഥികൾക്ക് മാർക്ക് ലഭിച്ചതായും സ്കോർ കാർഡ് സഹിതം കുട്ടികൾ തെളിവ് പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യമായ ഫോട്ടോ-ബയോമെട്രിക് വെരിഫിക്കേഷനുകൾ നടത്തിയിട്ടില്ലെന്നും, ഇത് വ്യാജ ഉദ്യോഗാർത്ഥികളെ കയറ്റി പരീക്ഷ എഴുതിക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് നീറ്റ് യുജി 2026 റദ്ദാക്കേണ്ടി വന്നതും, സിബിഎസ്ഇയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് രീതിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളും, മേയ് 30-ലെ സിയുഇടി യുജി പരീക്ഷ സാങ്കേതിക തകരാറുമൂലം തടസ്സപ്പെട്ടതും എൻടിഎയെ നേരത്തെ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് നിഫ്റ്റ് പരീക്ഷാ ഫലവും വിവാദത്തിലാകുന്നത്. തങ്ങളുടെ ഭാവിയെ തകർക്കുന്ന രീതിയിലാണ് എൻടിഎ ഫലം തയ്യാറാക്കിയിരിക്കുന്നതെന്നും, കഠിനാധ്വാനം ചെയ്ത് പഠിച്ച തങ്ങൾക്ക് അർഹിച്ച മാർക്ക് ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

പരീക്ഷാ ഫലം പുനഃപരിശോധിക്കണമെന്നും അറ്റൻഡൻസ് രേഖകൾ കൃത്യമായി ഓഡിറ്റ് ചെയ്യണമെന്നുമാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം. എന്നാൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ഈ പുതിയ ക്രമക്കേടുകളെക്കുറിച്ച് പ്രതികരിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതുവരെ തയ്യാറായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365158/after-neet-irregularities-in-nift-entrance-exam-also)