---
title: "റൗഡി ലിസ്റ്റിൽ വരെ ....! ബിജെപി കൗൺസിലർ സുഗതൻ സമൂഹത്തിന് ഭീഷണി; 8 വർഷത്തിനിടെ 7 കേസുകൾ, ഞെട്ടിക്കുന്ന കാപ്പ ഉത്തരവ് പുറത്ത്"
english_title: "Thiruvananthapuram Corporation, BJP Councilor Sugathan, details of Kappa order revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365157/thiruvananthapuram-corporation-bjp-councilor-sugathan-details-of-kappa-order-revealed"
published_at: "2026-06-10T17:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a294dda63446_sukatan.jpg"
keywords: ["Thiruvananthapuram Corporation", "BJP Councilor Sugathan", "Kappa order revealed"]
---

# റൗഡി ലിസ്റ്റിൽ വരെ ....! ബിജെപി കൗൺസിലർ സുഗതൻ സമൂഹത്തിന് ഭീഷണി; 8 വർഷത്തിനിടെ 7 കേസുകൾ, ഞെട്ടിക്കുന്ന കാപ്പ ഉത്തരവ് പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് ബിജെപി കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ സുഗതനെതിരായ കാപ്പ ഉത്തരവിലെ വിവരങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് ബിജെപി കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ സുഗതനെതിരായ കാപ്പ ഉത്തരവിലെ വിവരങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സുഗതന്‍ സമൂഹത്തിന് ഭീഷണിയാണ് എന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. സുഗതനെതിരെ എട്ട് വര്‍ഷത്തിനിടെ 7 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കൗണ്‍സിലറായ ശേഷവും വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്.

2012 മുതല്‍ ഗുരുതര കേസുകളില്‍ പ്രതിയാണ് സുഗതന്‍. 2014 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സുഗതനെതിരെ 2023ല്‍ നിയന്ത്രണ ഉത്തരവ് അടക്കമുളളവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താക്കീതിന് ശേഷവും കുറ്റകൃത്യം തുടര്‍ന്നതായും കാപ്പ ഉത്തരവില്‍ പറയുന്നു.

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതനെ ഇന്നലെ രാത്രി നാടകീയ രംഗങ്ങൾക്കൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

പിടികൂടാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികള്‍ വളയുകയായിരുന്നു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സുഗതന്റെ അനുയായികളുടെ ആക്രമണത്തില്‍ വട്ടിയൂര്‍ക്കാവ് സി ഐ വിപിന്‍, എസ്‌ഐ അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിലവില്‍ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. താൻ ഒളിവിലായിരുന്നില്ല എന്നും ചിക്കൻ പോക്സ് ആയതിനാൽ വിശ്രമത്തിലായിരുന്നു എന്നുമാണ് സുഗതന്റെ വാദം. സുഗതനെതിരെ പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365157/thiruvananthapuram-corporation-bjp-councilor-sugathan-details-of-kappa-order-revealed)