---
title: "മഹാരാഷ്ട്രയിൽ 35 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു: തീർഥാടകയായ സ്ത്രീക്ക് ദാരുണാന്ത്യം"
english_title: "Boat carrying 35 passengers capsizes in Maharashtra: Woman pilgrim dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365152/boat-carrying-35-passengers-capsizes-in-maharashtra-woman-pilgrim-dies-tragically"
published_at: "2026-06-10T16:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2949918f1ef_Boat_carrying_35_passengers_capsizes_in_Maharashtra.jpg"
keywords: ["Latest News", "Maharashtra", "Boat Accident"]
---

# മഹാരാഷ്ട്രയിൽ 35 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു: തീർഥാടകയായ സ്ത്രീക്ക് ദാരുണാന്ത്യം

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ തീർഥാടകയായ സ്ത്രീ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

## Article Content

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ തീർഥാടകയായ സ്ത്രീ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

പുരുഷോത്തംപുരയിൽ 35 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പ്രമിള റാത്തോഡ് എന്ന സ്ത്രീയാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാഷിം ജില്ലയിലെ മഹാഗാവ് സ്വദേശിനിയായ സിന്ധുബായി മാവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് മറ്റ് യാത്രക്കാരെ രക്ഷപെടുത്തിയത്.

യാത്രക്കാരുമായി പുറപ്പെട്ടതിന് പിന്നാലെയുണ്ടായ ശക്തമായ ഒഴുക്കിൽപ്പെട്ട് ബോട്ട് നിമിഷങ്ങൾക്കുള്ളിൽ നദിയിൽ മുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായ റിപ്പോർട് സമർപ്പിക്കാനും അന്വേഷണ സംഘത്തിന് നിർദേശം നൽകി. ബോട്ടിന്റെ ശേഷിയിലധികം ആളുകളെ കയറ്റിയോ എന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടോ എന്നും അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ അശ്രദ്ധയ്ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365152/boat-carrying-35-passengers-capsizes-in-maharashtra-woman-pilgrim-dies-tragically)