---
title: "മുതിർന്ന നേതാവുമായ ബാലനെ അനുസ്മരിച്ച് രണ്ട് വാക്ക് എഴുതാൻ സമയമില്ലേ? കെ.കെ രാഗേഷിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം"
english_title: "Harsh criticism against K.K. Ragesh on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365151/harsh-criticism-against-kk-ragesh-on-social-media"
published_at: "2026-06-10T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2948c0c206b_kk_ragesh.jpg"
keywords: []
---

# മുതിർന്ന നേതാവുമായ ബാലനെ അനുസ്മരിച്ച് രണ്ട് വാക്ക് എഴുതാൻ സമയമില്ലേ? കെ.കെ രാഗേഷിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

> **Lead Summary:** **കണ്ണൂർ: ** സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ.വി ബാലന് അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്റിലാണ് വിമർശനം.

## Article Content

**കണ്ണൂർ: ** സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ.വി ബാലന് അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്റിലാണ് വിമർശനം.

മുൻ പാനൂർ ഏരിയ സെക്രട്ടറിയും മുതിർന്ന നേതാവുമായ ബാലനെ അനുസ്മരിച്ച് രണ്ട് വാക്ക് എഴുതാൻ സമയമില്ലേയെന്നാണ് കമന്‍റുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ കനത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് നവമാധ്യമങ്ങളിലൂടെ പുതിയ വിമർശനങ്ങൾ.

പാനൂരിലെ മുൻ ഏരിയ സെക്രട്ടറിയും കണ്ണൂരിലെ സിപിഎമ്മിനെ വളർത്തിക്കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത എ.വി ബാലന് അന്തിമോപചാരം അർപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് പാർട്ടി പ്രവർത്തകർ തന്നെയും രോഷപ്രകടനം നടത്തുന്നത്. സഖാവ് ബാലന് റെഡ് സല്യൂട്ട് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നിരവധി പ്രവർത്തകരാണ് രാഗേഷിനെതിരെ കമന്‍റ് ചെയ്തിരിക്കുന്നത്.

കണ്ണൂരിലെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവിനെക്കുറിച്ച് രണ്ട് വാക്ക് കുറിക്കാൻ പാർട്ടി സെക്രട്ടറിക്ക് സമയമില്ലാഞ്ഞിട്ടാണോ അതോ പാരമ്പര്യത്തെ കുറിച്ചറിയാഞ്ഞിട്ടാണോയെന്ന് ചോദിച്ചാണ് വിമർശനം.

രാഗേഷ് പാർട്ടി സെക്രട്ടറിയായി തുടരുന്നിടത്തോളം കാലം കണ്ണൂരിൽ സിപിഎം പരാജയങ്ങൾ നേരിടുമെന്നും പ്രവർത്തകർ വിമർശിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാഗേഷിനെ മാറ്റിയെങ്കിൽ മാത്രമേ പാർട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും കമന്‍റുകളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365151/harsh-criticism-against-kk-ragesh-on-social-media)