---
title: "'ഇന്ത്യൻ മാങ്ങ വേണ്ട'; ജപ്പാനിന് പിന്നാലെ നേപ്പാളും ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിലക്കേർപ്പെടുത്തി, കാരണം ഗുരുതരം  "
english_title: "Indian mangoes banned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365150/indian-mangoes-banned"
published_at: "2026-06-10T16:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2948c873f80_MANGO.jpg"
keywords: ["Latest News", "New Delhi", "Indian Mangoes Banned"]
---

# 'ഇന്ത്യൻ മാങ്ങ വേണ്ട'; ജപ്പാനിന് പിന്നാലെ നേപ്പാളും ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിലക്കേർപ്പെടുത്തി, കാരണം ഗുരുതരം  

> **Lead Summary:** **ന്യൂഡൽഹി: [ **ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി നേപ്പാൾ. മാമ്പഴങ്ങളിൽ കീടനാശിനികളുടെ അമിത സാന്നിധ്യവും അതിർത്തി പ്രദേശങ്ങളിലെ ക്വാറന്റൈൻ സംവിധാനങ്ങളിലെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.

## Article Content

**ന്യൂഡൽഹി: [ **ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി നേപ്പാൾ. മാമ്പഴങ്ങളിൽ കീടനാശിനികളുടെ അമിത സാന്നിധ്യവും അതിർത്തി പ്രദേശങ്ങളിലെ ക്വാറന്റൈൻ സംവിധാനങ്ങളിലെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.

കാർഷിക-പശുസംരക്ഷണ വികസന മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ-മെയ് മാസങ്ങളിൽ തന്നെ പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ടുകൾ.

നിരോധനം നിലവിൽ വന്നതോടെ നേപ്പാളിലെ വിപണികളിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മാമ്പഴങ്ങളുടെ ലഭ്യത വർധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന അൽഫോൻസോ, ദശേരി, ചൗസ, കേസർ, ലങ്ഡ, ബംഗനപ്പള്ളി തുടങ്ങിയ ജനപ്രിയ ഇനങ്ങളെയാണ് പുതിയ തീരുമാനം പ്രധാനമായും ബാധിക്കുന്നത്.

മതിയായ മുന്നറിയിപ്പോ തയ്യാറെടുപ്പുകൾക്കുള്ള സമയമോ നൽകാതെയാണ് നിയന്ത്രണം നടപ്പാക്കിയതെന്ന് നേപ്പാളിലെ വ്യാപാരികൾ ആരോപിക്കുന്നു. രാജ്യത്തെ മാമ്പഴ ആവശ്യകത പൂർണമായി നിറവേറ്റാൻ ആഭ്യന്തര ഉൽപ്പാദനം മാത്രം മതിയാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ നിന്ന് വർഷംതോറും ആയിരക്കണക്കിന് ടൺ മാമ്പഴങ്ങളാണ് നേപ്പാളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. പുതിയ തീരുമാനം അതിർത്തി മേഖലയിലെ വ്യാപാരത്തെയും കർഷകരെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതേസമയം, പ്രാദേശിക കർഷകർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ആരോഗ്യകരമായ പഴവർഗങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കമായാണ് നിയന്ത്രണത്തെ നേപ്പാൾ സർക്കാർ വിശേഷിപ്പിക്കുന്നത്.

യൂറോപ്യൻ യൂണിയന്റെ ഫൈറ്റോസാനിറ്ററി നിലവാരത്തിന് സമാനമായ മാനദണ്ഡങ്ങളാണ് ഇനി മുതൽ പാലിക്കേണ്ടതെന്നാണ് നേപ്പാളിന്റെ നിലപാട്.

ഇതിനിടെ, ഇന്ത്യൻ മാമ്പഴങ്ങൾക്ക് തിരിച്ചടിയായി ജപ്പാനും നേരത്തെ സമാന നടപടി സ്വീകരിച്ചിരുന്നു. മാമ്പഴങ്ങളുടെ സംരക്ഷണത്തിനും കീടനിയന്ത്രണത്തിനുമായി ഇന്ത്യയിലെ പ്ലാന്റുകളിൽ നടപ്പാക്കുന്ന സുരക്ഷാ നടപടികളിൽ വീഴ്ച കണ്ടെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജപ്പാന്റെ തീരുമാനം.

ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതിക്ക് വീണ്ടും വിലക്കേർപ്പെടുത്തിയത്. ഫ്രൂട്ട് ഫ്‌ളൈ പോലുള്ള കീടങ്ങൾ തദ്ദേശീയ കൃഷിയെ ബാധിക്കാതിരിക്കാൻ ജപ്പാൻ കർശനമായ പരിശോധനാ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്.

ഇത്തരം കീടങ്ങളെ നിയന്ത്രിക്കുന്നതിൽ ആവശ്യമായ കാര്യക്ഷമത ഉറപ്പാക്കുന്നതിൽ ഇന്ത്യയിലെ ചില പ്ലാന്റുകൾ പരാജയപ്പെട്ടുവെന്നാണ് ജാപ്പനീസ് അധികൃതരുടെ വിലയിരുത്തൽ.

മാമ്പഴ സീസണിൽ തന്നെ ഇത്തരമൊരു നടപടി വന്നത് ഇന്ത്യൻ കയറ്റുമതിക്കാർക്കും ഉൽപ്പാദകർക്കും വലിയ സാമ്പത്തിക തിരിച്ചടിയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365150/indian-mangoes-banned)