---
title: "സര്‍ക്കാർ ബസിൽ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കാരണം കച്ചവടത്തിൽ നഷ്ടം; ഭാര്യയെയും മകനെയും കൊന്ന് വ്യാപാരി ആത്മഹത്യ ചെയ്തു"
english_title: "Businessman kills wife and son, commits suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365147/businessman-kills-wife-and-son-commits-suicide"
published_at: "2026-06-10T16:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29442f44eb3_tru.jpg"
keywords: ["Latest News", "Bangalore", "Suicide"]
---

# സര്‍ക്കാർ ബസിൽ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കാരണം കച്ചവടത്തിൽ നഷ്ടം; ഭാര്യയെയും മകനെയും കൊന്ന് വ്യാപാരി ആത്മഹത്യ ചെയ്തു

> **Lead Summary:** **ബെംഗളൂരു: [ **കർണാടകയിലെ മണ്ഡ്യയിൽ വസ്ത്രവ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

## Article Content

**ബെംഗളൂരു: [ **കർണാടകയിലെ മണ്ഡ്യയിൽ വസ്ത്രവ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

നെഹ്റു നഗർ സ്വദേശിയായ പ്രഭാകരൻ (60) ആണ് ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരെ കൊലപ്പെടുത്തി പിന്നീട് ജീവനൊടുക്കിയത്. സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘ശക്തി’ നടപ്പിലാക്കിയതിന് പിന്നാലെ തന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിന് കനത്ത നഷ്ടമുണ്ടായതായി പ്രഭാകരൻ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രദേശത്തെ സ്ത്രീകൾ നാട്ടിലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് പകരം നഗരങ്ങളിലേക്ക് യാത്ര ചെയ്ത് വാങ്ങൽ ആരംഭിച്ചതോടെ വ്യാപാരം തകർന്നുവെന്നും അദ്ദേഹം കുറിപ്പിൽ രേഖപ്പെടുത്തി.

വ്യാപാര നഷ്ടത്തെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതായും, വായ്പാ പിരിവിനായി എത്തുന്ന ഏജന്റുമാരുടെ സമ്മർദം കുടുംബത്തെ മാനസികമായി തളർത്തിയതായും കുറിപ്പിൽ പറയുന്നു.

കുടുംബത്തിന് നേരിടേണ്ടി വരാനിടയുള്ള അപമാനവും സാമൂഹിക അന്തസ് നഷ്ടപ്പെടുമെന്ന ആശങ്കയുമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. മാനസിക സമ്മർദത്തിലും വിഷാദത്തിലുമായിരുന്ന പ്രഭാകരൻ ആദ്യം ഭാര്യയെ ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

തുടർന്ന് അമ്മയെ രക്ഷിക്കാൻ എത്തിയ മകൻ സന്തോഷിനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുവരും മരിച്ചതായി ഉറപ്പാക്കിയ ശേഷം പ്രഭാകരൻ തന്റെ കടയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒന്നര മാസം മുൻപാണ് സന്തോഷിന്റെ വിവാഹം നടന്നത്. സംഭവം നടക്കുമ്പോൾ സന്തോഷിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നുവെങ്കിലും ഉറക്കത്തിലായിരുന്നു. രാവിലെ എഴുന്നേറ്റ ശേഷം പ്രഭാതഭക്ഷണം തയ്യാറാക്കി അമ്മായിയമ്മയെ വിളിക്കാൻ മുറിയിലെത്തിയപ്പോഴാണ് ജ്യോതിയെയും സന്തോഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായി പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പാ പിരിവ് നടപടികളുടെയും പശ്ചാത്തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മണ്ഡ്യ ജില്ലാ പൊലീസ് സൂപ്രണ്ട് ശോഭറാണി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365147/businessman-kills-wife-and-son-commits-suicide)